കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ് കപ്പ് വിജയിച്ചതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യം.ഫിയാഗോ എന്ന ഫുട്ബോൾ ഇൻഫ്ലുവൻസർ നടത്തിയ പോൾ കോമ്പറ്റീഷനിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കരുത്ത് കാണിക്കുകയായിരുന്നു. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.0.3% വോട്ടുകളാണ് മത്സരത്തിന്റെ ഫലം നിശ്ചയിച്ചത്.
ബൊറൂസിയ ഡോർട്മുണ്ടിന്റെ ഒഫീഷ്യൽ അക്കൗണ്ട് പരമാവധി ശ്രമിച്ചുവെങ്കിലും അവർക്ക് പരാജയം അറിയേണ്ടി വരികയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെയും കരുത്ത് ലോക ഫുട്ബോൾ അറിഞ്ഞ ഒരു സമയം കൂടിയായിരുന്നു ഇത്. ഇന്ത്യയിൽ ഫുട്ബോൾ ഏറെ വളർന്ന് വരികയാണ് എന്നുള്ളതിനുള്ള ഒരു ഉദാഹരണം കൂടിയാണ് ഇത്.
കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചതിന് പിന്നാലെ ഫിയാഗോ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. അതിന്റെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാൽ ഇവാൻ വുക്മനോവിച്ച് ആണ്. കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ് ഇവാൻ വുക്മനോവിച്ചിന്റെ കമന്റ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഹേയ് ഫിയാഗോ..മൈ മാൻ.. കേരള ബ്ലാസ്റ്റേഴ്സിന്റെയും കേരളയുടെയും കരുത്തിനെ ഒരിക്കലും വിലകുറച്ച് കാണാതിരിക്കുക ‘ ഇതാണ് അദ്ദേഹം എഴുതിയിരുന്നത്. കൂടാതെ മഞ്ഞപ്പടയുടെയും കേരള ബ്ലാസ്റ്റേഴ്സ് ആർമിയുടെയും ഹാഷ് ടാഗ് അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ ഇപ്പോഴും അദ്ദേഹം നെഞ്ചിലേറ്റുന്നു എന്നുള്ളതിന്റെ തെളിവാണ് ഇത്.
കഴിഞ്ഞ മൂന്ന് വർഷക്കാലം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ. ആരാധകരുമായി വളരെ അടുത്ത ബന്ധം ഇദ്ദേഹം പുലർത്തിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ആശാനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ പൂർത്തിയായതിന് പിന്നാലെ മാനേജ്മെന്റ് അദ്ദേഹവുമായി വഴിപിരിയുകയായിരുന്നു.