കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.അതിന് കാരണം ഖത്തർ വേൾഡ് കപ്പിലെ മികച്ച പ്രകടനമാണ്.വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിക്കായിരുന്നു. 2022 ഡിസംബർ പതിനെട്ടാം തീയതി വരെയുള്ള ഒരു കാലയളമായിരുന്നു കഴിഞ്ഞ ഫിഫ ബെസ്റ്റിന് പരിഗണിക്കപ്പെട്ടിരുന്നത്.അത് വെച്ചുനോക്കുമ്പോൾ കഴിഞ്ഞവർഷം അർഹിച്ച ഒരു പുരസ്കാരം തന്നെയാണ് മെസ്സി നേടിയിട്ടുള്ളത്.
ഈ വർഷത്തെ അഥവാ 2023ലെ ഫിഫ ബെസ്റ്റ് അവാർഡിനുള്ള ചുരുക്കപ്പട്ടിക ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള ഒരു കാലയളവാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ കാലയളവിൽ വലിയ മികവൊന്നും അവകാശപ്പെടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ലയണൽ മെസ്സി ഫിഫ ബെസ്റ്റിന്റെ ചുരുക്കപ്പട്ടികയിൽ എന്നാണ് പലരും ചോദിക്കുന്നത്.
വേൾഡ് കപ്പിന് ശേഷം പിഎസ്ജിയിൽ മടങ്ങിയെത്തിയ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.പിഎസ്ജിയിൽ സീസൺ അവസാനിച്ചപ്പോൾ മോശമല്ലാത്ത ഒരു കണക്ക് അവകാശപ്പെടാൻ മെസ്സിക്ക് ഉണ്ടെങ്കിലും അത് സീസണിന്റെ തുടക്കത്തിൽ നേടിയതായിരുന്നു.വേൾഡ് കപ്പിന് ശേഷം അതിനോട് നീതിപുലർത്താൻ കഴിഞ്ഞിരുന്നില്ല. അർജന്റീനക്ക് വേണ്ടി മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും അതെല്ലാം ഫ്രണ്ട്ലി മത്സരങ്ങളായിരുന്നു.മോശമല്ലാത്ത രീതിയിൽ മെസ്സി കളിച്ചിരുന്നു.
ഇന്റർ മയാമിക്ക് വേണ്ടി ഈയിടെയാണ് മെസ്സി കളിക്കാൻ തുടങ്ങിയത്. പക്ഷേ വളരെ കോമ്പറ്റീഷൻ കുറഞ്ഞ, യൂറോപ്പിന് പുറത്തുള്ള ഒരു ലീഗിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷമുള്ള കാലയളവിലെ പ്രകടനം പരിഗണിച്ചാൽ ലയണൽ മെസ്സിക്ക് നോമിനി ലിസ്റ്റിൽ ഇടം നേടാൻ അർഹതയില്ല എന്നാണ് പലരും ആരോപിക്കുന്നത്. മെസ്സിക്ക് അർഹതയുണ്ടെങ്കിൽ റൊണാൾഡോക്കും അർഹതയുണ്ടെന്ന് ക്രിസ്റ്റ്യാനോ ആരാധകർ വാദിക്കുന്നുമുണ്ട്.
എന്തെന്നാൽ വേൾഡ് കപ്പിന് ശേഷം അൽ നസ്റിന് വേണ്ടിയും പോർച്ചുഗൽ നാഷണൽ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ ലിസ്റ്റിൽ തിരുകി കയറ്റിയത് തീർത്തും അനർഹമായ ഒരു കാര്യമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആരാധകർ ആരോപിക്കുന്നത്.