അടുത്ത സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രീ സീസൺ ഒരുക്കങ്ങളാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവിടെ പരിശീലകൻ സ്റ്റാറെയുടെ നേതൃത്വത്തിൽ ക്ലബ്ബ് ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.3 ആഴ്ച്ചയോളമാണ് ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ തങ്ങുക.
ഈ പ്രീ സീസണിന് വേണ്ടിയുള്ള സ്‌ക്വാഡ് നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.ഭൂരിഭാഗം താരങ്ങളും ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പുതിയ താരം നൂഹ് സദൂയിയും ഇപ്പോൾ ടീമിനോടൊപ്പം ഉണ്ട്.ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം തീരുമാനമായിട്ടുണ്ട്. ജൂലൈ പതിനൊന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യത്തെ പ്രീ സീസൺ സൗഹൃദ മത്സരം കളിക്കുക.
തായ്‌ലാൻഡ് ക്ലബ്ബായ പട്ടായ യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജൂലൈ പതിനൊന്നാം തീയതി വൈകീട്ട് നാലുമണിക്കായിരിക്കും ഈ മത്സരം നടക്കുക.മത്സരം തൽസമയം വീക്ഷിക്കാൻ സാധിക്കുമോ എന്നത് വ്യക്തമല്ല. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബാണ് പട്ടായ യുണൈറ്റഡ്.
പരിശീലകൻ സ്റ്റാറെയുടെ ആദ്യത്തെ ഇലവൻ അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. അദ്ദേഹത്തിന്റെ കീഴിലുള്ള പ്രകടനം എങ്ങനെയാവും എന്നറിയാനുള്ള ആകാംക്ഷയും ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് ഉണ്ട്. ബ്ലാസ്റ്റേഴ്സ് ഇതുവരെ 5 സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്. കൂടുതൽ അനൗൺസ്മെന്റ്കൾ അധികം വൈകാതെ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.