കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി പരാജയപ്പെടുത്തിയിട്ടുള്ളത്.ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റിയാണ്.നവംബർ മൂന്നാം തീയതി മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചു കൊണ്ടാണ് ആ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.എന്നിട്ടും ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.ബ്ലാസ്റ്റേഴ്സ് ആരാധകർ മാത്രമല്ല,താരങ്ങളും ഉടമസ്ഥരുമെല്ലാം ഈ തോൽവിയിൽ വളരെയധികം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് പ്രതിരോധനിര താരമായ കോയെഫും ഇക്കാര്യത്തിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ചിലപ്പോൾ ക്രൂരമാണ് എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ചില സമയത്ത് ഫുട്ബോൾ ക്രൂരമാണ്. നമ്മുടെ പ്ലാനുകൾ പെർഫെക്റ്റായി നടന്നാലും ചില സമയത്ത് ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. പക്ഷേ മറുഭാഗത്ത് സ്റ്റേഡിയത്തിലെ അന്തരീക്ഷം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ഈ ക്ലബ്ബിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട് ‘ ഇതാണ് കോയെഫ് പറഞ്ഞിട്ടുള്ളത്.
പ്രതിരോധത്തിലെ പിഴവുകളാണ് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. വ്യക്തിഗത പിഴവുകൾ എന്നും കേരള ബ്ലാസ്റ്റേഴ്സിന് ഒരു തലവേദനയാണ്. പരിശീലകൻ ഉടൻതന്നെ ഇതിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ആറ് മത്സരങ്ങൾ കളിച്ചിട്ട് രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞത്. കൂടുതൽ വിജയങ്ങൾ നേടണമെന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം.