ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ അതിനുമുൻപ് പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. മുന്നേറ്റ നിരയിലെ ദിമി,ഫെഡോർ,സക്കായ് എന്നിവർ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. അതുപോലെതന്നെ സെന്റർ ബാക്കിൽ പൊസിഷനിൽ കളിച്ചിരുന്ന മാർക്കോ ലെസ്ക്കോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ട് ക്രൊയേഷ്യയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
രണ്ട് വിദേശ സൈനിങ്ങുകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.മുന്നേറ്റത്തിലേക്ക് നോഹ് സദോയിയെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു. കൂടാതെ സെന്റർ ബാക്ക് പൊസിഷനിലേക്ക് അലക്സാൻഡ്രേ കോയെഫിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമേ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കിയിരുന്നു.അത് ആരാധകർക്ക് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.
ഇപ്പോഴിതാ മറ്റൊരു നീക്കം കൂടി ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. അതായത് ഡിഫൻസിന്റെ മോന്റെനെഗ്രൻ താരമായ മിലോസ് ഡ്രിൻസിച്ചിന്റെ കരാറാണ് ക്ലബ്ബ് പുതുക്കിയിട്ടുള്ളത്. നിലവിൽ താരത്തിന് 2025 വരെയായിരുന്നു കരാർ ഉണ്ടായിരുന്നത്. അത് 2026 വരെ ദീർഘിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
അതായത് രണ്ടുവർഷം കൂടി ഡ്രിൻസിച്ച് നമുക്കൊപ്പം ഉണ്ടാകുമെന്നർത്ഥം. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഈ 25കാരനായ താരത്തിന് കഴിഞ്ഞിരുന്നു.22 മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.ഡിഫൻസിൽ അടിയുറച്ച സാന്നിധ്യമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ക്ലബ് കരാർ പുതുക്കിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്താൻ തീരുമാനിച്ചത്.
മുന്നേറ്റത്തിലും തന്റെതായ പങ്കുകൾ വഹിക്കാൻ കഴിവുള്ള താരമാണ് ഡ്രിൻസിച്ച്.ഇനി വരുന്ന സീസണിൽ കോയെഫിനൊപ്പമാണ് ഈ താരം ഡിഫൻസ് കാക്കുക. രണ്ടുപേരും ചേർന്ന് കോട്ട ഭദ്രമായി കാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.