അർജന്റീനയും ഫ്രാൻസും തമ്മിലായിരുന്നു ഇന്നലെ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് അർജന്റീനയെ പരാജയപ്പെടുത്തി. ഇങ്ങനെ ഫ്രാൻസ് സെമിയിൽ പ്രവേശിക്കുകയും അർജന്റീന ഒളിമ്പിക്സിൽ നിന്ന് പുറത്താവുകയും ചെയ്തു. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മറ്റേറ്റ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.
ഈ മത്സരത്തിൽ വിവാദങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയായിരുന്നു. കാരണം അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ശത്രുത സമീപകാലത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മത്സരം തന്നെയാണ് നടന്നത്. ഫ്രഞ്ച് ആരാധകരിൽ നിന്നും വലിയ കൂവലുകൾ അർജന്റീന താരങ്ങൾക്ക് ലഭിച്ചിരുന്നു. മത്സരത്തിൽ അർജന്റീനക്ക് പന്ത് കിട്ടുമ്പോഴെല്ലാം അവരെ ഫ്രാൻസ് ആരാധകർക്ക് വിളിക്കുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിലാണ് അടി പൊട്ടിയത്.
യഥാർത്ഥത്തിൽ ഈ പ്രശ്നം തുടങ്ങിവച്ചത് ഫ്രഞ്ച് താരമായ എൻസോ മില്ലറ്റ് ആണ് എന്നാണ് കണ്ടെത്തൽ. മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം അർജന്റീന താരങ്ങളുടെ നേരെ ആക്രോശിക്കുകയായിരുന്നു. കൂടാതെ അർജന്റീന ബെഞ്ചിന് നേരെ അദ്ദേഹം അശ്ലീല ആംഗ്യം കാണിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.ഇതോടെയാണ് അർജന്റീന താരങ്ങൾ പ്രകോപിതരായത്. തുടർന്ന് ഓട്ടമെന്റിയും ബെൽട്രാനുമൊക്കെയുള്ള അർജന്റൈൻ താരങ്ങൾ ഇതിൽ ഇടപെട്ടതോടെ അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഈ താരങ്ങളെ പിടിച്ചുമാറ്റി.
പ്രശ്നം തുടങ്ങിവച്ച മില്ലറ്റിന് റഫറി റെഡ് കാർഡ് നൽകുകയും ചെയ്തു.എന്നാൽ ഇതുകൊണ്ടും അവസാനിച്ചില്ല. ഫ്രഞ്ച് താരങ്ങൾ അർജന്റീന താരങ്ങളുടെ കുടുംബങ്ങളുടെ മുന്നിൽ വച്ചു കൊണ്ടായിരുന്നു സെലിബ്രേഷൻ നടത്തിയിരുന്നത്.ഇതും അർജന്റീന താരങ്ങളെ പ്രകോപിപ്പിച്ചു. തുടർന്ന് ടണലിൽ വെച്ചും ഈ രണ്ട് ടീമിനെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെ മത്സരശേഷം ഏറെ വിവാദകരമായ സംഭവങ്ങളാണ് നടന്നിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ടാണ് കിരീടം നേടിയത്. അന്ന് തന്നെ പല സെലിബ്രേഷനുകളും വിവാദമായിരുന്നു.കോപ അമേരിക്ക കിരീടം നേടിയതിനുശേഷം അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അതിന്റെ ബാക്കിയെന്നോണമാണ് ഇപ്പോൾ ഈ അടി പൊട്ടാൻ കാരണമായിട്ടുള്ളത്.