കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയക്കൊടി പാറിച്ചിട്ടുണ്ട്. ആദ്യമത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ ഇപ്പോൾ തോൽപ്പിച്ചു കഴിഞ്ഞു.അഡ്രിയാൻ ലൂണയുടെ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ഈ രണ്ട് മത്സരങ്ങളും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് നടന്നത്.രണ്ട് മത്സരങ്ങളിലും മുപ്പതിനായിരത്തിനു മുകളിൽ ആരാധകരാണ് മത്സരം വീക്ഷിക്കാൻ എത്തിയിരുന്നത്. ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഴുവൻ സമയവും ആർപ്പു വിളിച്ചിരുന്നു. വലിയ ഊർജ്ജമാണ് ആരാധകരുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് നൽകിയിട്ടുള്ളത്.
ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക് ഡോവൻ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ഒരു മോശം സമയം ഉണ്ടായിരുന്നുവെന്നും ആ സമയത്തെല്ലാം കൂടെ നിന്ന് കൈപിടിച്ചുയർത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകരും അവരുടെ പിന്തുണയുമാണ് എന്നാണ് ഫ്രാങ്ക് ഡോവൻ പറഞ്ഞിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോമാഞ്ചം 😍💛#KBFCJFC #KBFC #KeralaBlaster pic.twitter.com/lygBi05HIL
— Kerala Blasters FC (@KeralaBlasters) October 2, 2023
ഇന്നത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സപ്പോർട്ട് അവിസ്മരണീയമായിരുന്നു. ആദ്യ മത്സരത്തിലും ആരാധകർ അകമഴിഞ്ഞു പിന്തുണച്ചു. ഞങ്ങളുടെ കരുത്ത് ഈ ആരാധകർ തന്നെയാണ്. ഞങ്ങളെല്ലാവരും ഈ പിന്തുണ വളരെയധികം ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.ആദ്യ പകുതിയിൽ ഇന്ന് ഞങ്ങൾക്ക് അത്ര മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.ആ സമയത്ത് ഞങ്ങളെ പിന്തുണച്ച് കൂടെ നിന്നത് ആരാധകരാണ്.അവരാണ് ഞങ്ങളെ സഹായിച്ചത്.രണ്ടാം പകുതിയിൽ ഞങ്ങൾ ഗോൾ നേടിയപ്പോൾ അവരുടെ ആവേശം അതിഗംഭീരമായിരുന്നു,പരിശീലകനായ ഫ്രാങ്ക് പറഞ്ഞു.
Monday B̷l̷u̷e̷s̷ Yellows ✅🔥#KBFCJFC #KBFC #KeralaBlasters pic.twitter.com/fpV0pu3hTq
— Kerala Blasters FC (@KeralaBlasters) October 2, 2023
ഒക്ടോബർ എട്ടാം തീയതി അഥവാ അടുത്ത ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം കളിക്കേണ്ടത് എന്നത് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.