അരുത്.. ഈ തോൽവിയിൽ അവനെ കുറ്റപ്പെടുത്തരുത് : ബ്ലാസ്റ്റേഴ്സ് ആരാധകരോട് അഭ്യർത്ഥനയുമായി പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ തോൽവി മുംബൈ സിറ്റി എഫ്സിയോട് വഴങ്ങേണ്ടി വന്നിരുന്നു. ഈ തോൽവി ആരാധകർക്ക് ഏറെ നിരാശ നൽകുന്ന ഒന്നാണ്.കാരണം കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച ഒരു തോൽവി അല്ല ഇത്. മറിച്ച് നിസ്സാരമായ പിഴവുകൾക്ക് കൊടുക്കേണ്ടിവന്ന വലിയ വിലയാണ് ഈ തോൽവി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിലായിരുന്നു ആദ്യത്തെ ഗോൾ പിറന്നത്. അദ്ദേഹത്തിന് അനായാസം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമായിരുന്നപ്പോൾ വഴുതി പോവുകയായിരുന്നു.അത് ഡയസ് ഗോളാക്കി മാറ്റി.രണ്ടാമത്തെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിന്റെ പിഴവ് തന്നെയായിരുന്നു.പ്രീതം കോട്ടാലും സച്ചിൻ സുരേഷ് തമ്മിലുള്ള പരസ്പര ധാരണ ഇല്ലായ്മ രണ്ടാമത്തെ ഗോളിലേക്ക് വഴിവച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആത്മവിശ്വാസത്തോടുകൂടി ഗോൾ വലക്ക് കീഴിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ സുരേഷിന് മൂന്നാമത്തെ മത്സരത്തിൽ പുഴക്കുകയായിരുന്നു. പക്ഷേ ഈ പിഴവുകൾക്ക് സച്ചിൻ സുരേഷിനെ കുറ്റപ്പെടുത്തരുത് അഥവാ പഴിക്കരുത് എന്ന ഒരു അഭ്യർത്ഥന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഫ്രാങ്ക് ഡോവൻ നടത്തിയിട്ടുണ്ട്. സച്ചിൻ ഒരു യുവതാരമാണെന്നും ഈ പിഴവുകളിൽ നിന്നും അദ്ദേഹം പഠിക്കുമെന്നും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുണ്ട്.

ഞങ്ങൾ വഴങ്ങിയ ഗോളിന് ആരുംതന്നെ സച്ചിൻ സുരേഷിനെ പഴി പറയില്ല.അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പാടില്ല. അദ്ദേഹം ഒരു യുവതാരമാണ്. വളരെയധികം പ്രതിഭയുള്ള ഒരു ഗോൾകീപ്പറാണ്. സച്ചിൻ വഴങ്ങിയ ആ ഗോൾ അതൊക്കെ കളിയുടെ ഭാഗം മാത്രമാണ്.തീർച്ചയായും ഇത്തരം പിഴവുകളിൽ നിന്ന് അവൻ പഠിക്കും.അവൻ മെച്ചപ്പെടുക തന്നെ ചെയ്യും.ഗോൾകീപ്പിംഗ് പരിശീലകർ അവനെ നല്ല രൂപത്തിൽ സഹായിക്കും,ഡോവൻ പറഞ്ഞു.

ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് ഇനി സച്ചിൻ സുരേഷ് ചെയ്യേണ്ട കാര്യം.താരം പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ലാറ ശർമ്മ,കരൺജിത് സിംഗ് എന്നിവരാണ് സച്ചിന് കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ ഗോൾകീപ്പർമാരായി കൊണ്ട് ഉള്ളത്.

Kerala BlastersMumbai City Fc
Comments (0)
Add Comment