അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് സജീവമായ രീതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.വലിയ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുള്ളത്.പ്രത്യേകിച്ച് കോച്ചിംഗ് സ്റ്റാഫിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ 2 പരിശീലകരെ കൂടി ബ്ലാസ്റ്റേഴ്സ് പുതുതായി നിയമിച്ചിരുന്നു. അതിലൊന്ന് അസിസ്റ്റന്റ് പരിശീലകൻ ബിയോൺ വെസ്ട്രോമാണ്.
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കപ്പെട്ടിരുന്നത് സെറ്റ് പീസുകളായിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കുന്ന കോർണർ കിക്കുകളോ ഫ്രീകിക്കുകളോ മുതലടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാറില്ല. ഇനി സെറ്റ് പീസുകൾ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോശവുമായിരുന്നു. അതായത് എതിരാളികൾക്ക് കോർണർ കിക്കുകളോ ഫ്രീകിക്കുകളോ ലഭിച്ചുകഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് വലിയ ഭീതി വിതച്ചിരുന്നു.
ചുരുക്കത്തിൽ ആരാധകർ എന്നോ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് സെറ്റ് പീസുകൾ മെച്ചപ്പെടുത്തണം എന്നത്.ആ തലവേദന പരിഹരിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു പരിശീലകനെ നിയമിച്ചിട്ടുള്ളത്.ഫെഡറിക്കോ പെരേര മൊറൈസ് എന്ന പരിശീലകനെ സെറ്റ് പീസുകൾക്ക് മാത്രമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു കഴിഞ്ഞു.ഇനി ആ തലവേദന മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മൊറൈസ് ഒരു പോർച്ചുഗീസ് പരിശീലകനാണ്. യൂറോപ്പിൽ വേണ്ടത്ര അനുഭവ സമ്പത്ത് ഈ പരിശീലകന് ഉണ്ട്. അതായത് 2009 ലാണ് ഇദ്ദേഹം തന്റെ കോച്ചിംഗ് കരിയർ ആരംഭിക്കുന്നത്. പോർച്ചുഗല്ലിലെ ബോവിസ്റ്റ എഫ്സി എന്ന ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി കൊണ്ടാണ് ഇദ്ദേഹം ചുമതലയേറ്റത്.അതിനുശേഷമാണ് അദ്ദേഹം ഫ്രാൻസിലേക്ക് എത്തുന്നത്. ഫ്രഞ്ച് വമ്പൻമാരായ AS മൊണാക്കോയുടെ ട്രെയിനർ ആയിക്കൊണ്ട് ഇദ്ദേഹം ഉണ്ടായിരുന്നു. 2013 മുതൽ 2015 വരെയായിരുന്നു മൊണാകോയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. സൂപ്പർതാരം കിലിയൻ എംബപ്പേ വളർന്നു വന്നിട്ടുള്ള ക്ലബ്ബ് കൂടിയാണ് മൊണാക്കോ. മാത്രമല്ല ഈ കാലയളവിൽ എംബപ്പേ മൊണാകോയിൽ ഉണ്ട് താനും.
അതിനുശേഷം ഇംഗ്ലീഷ് ക്ലബ്ബായ ലെയ്ട്ടൻ ഓറിയെന്റിന്റെ യൂത്ത് ട്രെയിനിങ് കോർഡിനേറ്റർ ആയി കൊണ്ട് ഇദ്ദേഹം പ്രവർത്തിച്ചു. അതിനുശേഷം അവരുടെ മെയിൻ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനുമായി. പിന്നീട് 2018 മുതൽ 2023 വരെ നോർവിജിയൻ ക്ലബ്ബായ സാർപ്സ് ബർഗിന് വേണ്ടിയാണ് ഇദ്ദേഹം വർക്ക് ചെയ്തിട്ടുള്ളത്.അവിടെനിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. അതായത് യൂറോപ്പിൽ വലിയ പരിചയസമ്പത്ത് ഉണ്ടാക്കിയതിനുശേഷം ആണ് അദ്ദേഹം ഏഷ്യയിലേക്ക് വരുന്നത്.