ഞാൻ മെസ്സിയോട് അധികം സംസാരിച്ചിട്ടില്ല : കാരണം വ്യക്തമാക്കി ഗർനാച്ചോ!
അടുത്ത ഫ്രണ്ട്ലി മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുള്ളത്.വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കുക. ചൈനയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ അർജന്റീന ദേശീയ ടീമിന് വേണ്ടി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന് അവസരം നൽകുമെന്നുള്ള കാര്യം സ്കലോണി തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഗർനാച്ചോ ഒരു ഇന്റർവ്യൂ നൽകിയിട്ടുണ്ട്. ലയണൽ മെസ്സിയെ കുറിച്ച് അതിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് മെസ്സിയോട് താൻ അധികം സംസാരിച്ചിട്ടില്ലെന്നും കാരണം താൻ ഇപ്പോഴും സ്വപ്നത്തിൽ നിന്നും ഉണർന്നിട്ടില്ലെന്നുമാണ് ഗർനാച്ചോ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
‘ ഞാൻ ഇതുവരെ ലയണൽ മെസ്സിയോട് അധികമൊന്നും സംസാരിച്ചിട്ടില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഇപ്പോഴും യാഥാർത്ഥ്യമായി തോന്നുന്നില്ല.ഞാനൊരു സ്വപ്നത്തിലാണ്. എന്റെ കുട്ടിക്കാലം മുഴുവനും ഞാൻ ടിവിയിലൂടെ കണ്ട വ്യക്തിയാണ് മെസ്സി.ഇപ്പോൾ അദ്ദേഹത്തിന് ഒപ്പമാണ് ഞാൻ. എനിക്കിപ്പോഴും ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമുണ്ട് ‘ ഇതാണ് ഗർനാച്ചോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പുറത്തെടുക്കാൻ ഈ 18കാരന് കഴിഞ്ഞിരുന്നു. പരിക്ക് മൂലമായിരുന്നു നേരത്തെ അർജന്റീന ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായത്.ആരാധകർ ഏറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ഒരു താരം കൂടിയാണ് ഗർനാച്ചോ.