ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ ഒമ്പതാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ ഗോവ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലേക്ക് പ്രീതം കോട്ടാൽ മടങ്ങിയെത്തിയിരുന്നു.കൂടാതെ മുഹമ്മദ് അയ്മനും സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചില മുന്നേറ്റങ്ങൾ നടത്തി. ലഭിച്ച അവസരങ്ങൾ പെപ്ര ഉൾപ്പെടെയുള്ളവർ പാഴാക്കുകയായിരുന്നു.എന്നാൽ അതിനുശേഷം ഗോവയുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.പിന്നീട് നിരന്തരം ഗോവ ആക്രമണങ്ങൾ നെയ്തു വിടുകയായിരുന്നു.
അതിന്റെ ഫലമായിക്കൊണ്ട് അവർ ഗോൾ നേടി.വിക്ടർ റോഡ്രിഗസിന്റെ സെറ്റ് പീസ് ക്രോസിൽ നിന്നും ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൗളിൻ ബോർജസാണ് ഗോവക്ക് വേണ്ടി ഗോൾ നേടിയത്.ആദ്യപകുതിയുടെ അവസാനത്തിൽ ആയിരുന്നു ഈ ഗോൾ പിറന്നത്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പിറകിലായി.രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം ആണ് നടത്തിയത്.സമനില ഗോളിന് വേണ്ടി വലിയ പരിശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി.പക്ഷേ അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.
മികച്ച ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.സന്ദേശ് ജിങ്കൻ ഉൾപ്പെടെയുള്ള ഗോവൻ പ്രതിരോധനിര മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയത്.അതുകൊണ്ടുതന്നെ ഗോളുകൾ ഒന്നും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയായിരുന്നു. ഈ മത്സരത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം റഫറിയുടെ തീരുമാനങ്ങളാണ്. പല തീരുമാനങ്ങളും കേരള ബ്ലാസ്റ്റേഴ്സിനെതിരായിരുന്നു. പലപ്പോഴും അബദ്ധകരമായ തീരുമാനങ്ങൾ പതിവ് പോലെ ഇന്നത്തെ മത്സരത്തിലും റഫറിയുടെ ഭാഗത്തുനിന്നുണ്ടായി.
മത്സരത്തിൽ മോശമല്ലാത്ത പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തുവെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ കാര്യമാണ്. വിജയത്തോടുകൂടി ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 7 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് അവർക്കുള്ളത്.9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്.