ഗോൾകീപ്പർമാരുടെ മോശം പ്രകടനം,സ്റ്റാറേ പ്രതികരിച്ചത് കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുന്നത്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുന്നത്. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിന് പ്രതികാരം തീർക്കണമെങ്കിൽ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കേണ്ടതുണ്ട്.
പക്ഷേ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് വ്യക്തിഗത പിഴവുകളാണ്.അതിൽ ഗോൾകീപ്പർമാരുടെ മോശം പ്രകടനം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകുന്നുണ്ട്. സച്ചിൻ സുരേഷ് ഈ സീസണിൽ പലപ്പോഴും വളരെ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.മിക്ക മത്സരങ്ങളിലും അദ്ദേഹം പിഴവുകൾ വരുത്തി വെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പകരം വന്ന സോം കുമാറും പിഴവുകൾ വരുത്തിവെക്കുന്നുണ്ട്.അതിന്റെ ഫലമായി കൊണ്ട് പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടേണ്ടി വന്നിട്ടുണ്ട്. ഗോൾകീപ്പർമാരുടെ മോശം പ്രകടനത്തോട് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ പ്രതികരിച്ചിട്ടുണ്ട്. ഗോൾകീപ്പർമാരുടെ പ്രകടനം പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകൾ നോക്കാം.
‘ഗോൾകീപ്പർമാരും ടീമിന്റെ ഭാഗമാണ്.ചില സമയത്ത് അവർ മികച്ച പ്രകടനം നടത്തും.ചില സമയത്ത് ഭേദപ്പെട്ട പ്രകടനം നടത്തും.ചില സമയത്ത് പ്രകടനം മോശമായിരിക്കും. തീർച്ചയായും ഗോൾകീപ്പർ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു പൊസിഷൻ തന്നെയാണ്.കഴിഞ്ഞ ചെന്നക്കെതിരെയുള്ള മത്സരത്തിൽ സച്ചിൻ മികച്ച പ്രകടനമാണ് നടത്തിയത്. ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഗോവക്കെതിരെയുള്ള മത്സരത്തിലും അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ ഞങ്ങൾ ഗോൾ വഴങ്ങിയ ആ രീതി ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.അദ്ദേഹത്തിന്റെ സാഹചര്യം എല്ലാവർക്കും അറിയാമല്ലോ. പരിക്ക് കാരണം വൈകി കൊണ്ടാണ് അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്തത്. പതിയെ പതിയെ അദ്ദേഹം റെഡിയായി വരുന്നുണ്ട് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് പിഴവുകളുടെ പേരിൽ ഗോൾകീപ്പർമാരെ കുറ്റപ്പെടുത്താൻ അദ്ദേഹം ഒരുക്കമല്ല.പക്ഷേ പിഴവ് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. സച്ചിനും സോമും മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ നോറ ഫെർണാണ്ടസിന് ഇനി അവസരം നൽകണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്.