കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം നോഹ സദോയിക്ക് സാധിച്ചിരുന്നു.ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് ജേതാവാണ് അദ്ദേഹം.6 ഗോളുകൾ ആയിരുന്നു ആകെ നേടിയിരുന്നത്.രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. 2 ഹാട്രിക്കുകൾ നേടിക്കൊണ്ടാണ് അദ്ദേഹം ആറ് ഗോളുകൾ പൂർത്തിയാക്കിയത്.
എന്നാൽ ദുർബലരായ എതിരാളികൾക്കെതിരെയാണ് താരത്തിന്റെ ഈ മികച്ച പ്രകടനം പുറത്തുവന്നിട്ടുള്ളത്.പക്ഷേ ഐഎസ്എല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ഗംഭീര പ്രകടനം നടത്തിയതിന്റെ പരിചയസമ്പത്ത് താരത്തിനുണ്ട്.പുതിയ സീസൺ തുടങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷകൾ ഈ മൊറോക്കൻ താരത്തിൽ തന്നെയാണ്. എപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന താരമാണ് നോഹ സദോയി.
ഇന്നലെ നടന്ന ഐഎസ്എൽ മീഡിയ ഡേയിൽ പങ്കെടുത്ത കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികയേൽ സ്റ്റാറെ ഈ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗോളുകൾ നേടാൻ വെമ്പി നിൽക്കുകയാണ് അദ്ദേഹം എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.എല്ലാ അറ്റാക്കിങ് താരങ്ങൾക്കും ടീമിന്റെ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഗോളുകൾ നേടാൻ വേണ്ടി നിൽക്കുകയാണ് അദ്ദേഹം. തന്റെ ബോഡി ഫിറ്റായി നിലനിർത്തുന്നതിലും അദ്ദേഹം വളരെയധികം ശ്രദ്ധ പാലിക്കാറുണ്ട്.ഒരു താരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ് അത്.മാത്രമല്ല അദ്ദേഹം നന്നായി കഠിനാധ്വാനം ചെയ്യുന്നുമുണ്ട്.അറ്റാക്കിങ് താരങ്ങൾക്ക് മികച്ച സപ്പോർട്ട് ആവശ്യമാണ്. അത് ഒന്നോ രണ്ടോ താരങ്ങളെക്കുറിച്ച് വിദേശ താരങ്ങളെ കുറിച്ചോ അല്ല ഞാൻ പറയുന്നത്.മറിച്ച് ടീമിനെ കുറിച്ചാണ്. ടീം മുഴുവനും സപ്പോർട്ട് ചെയ്യേണ്ടതുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരം പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.വിജയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.എന്നാൽ വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഈ സീസണിൽ ആരാധകർ വെച്ച് പുലർത്തുന്നില്ല.