നിലവിൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഐഎസ്എല്ലാണ്.രണ്ടാം ഡിവിഷനാണ് ഐ ലീഗ്. ഐ ലീഗ് ജേതാക്കൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നൽകിത്തുടങ്ങിയത് കഴിഞ്ഞ സീസൺ മുതലാണ്. അങ്ങനെയാണ് പഞ്ചാബ് എഫ്സി ഇപ്പോൾ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനു മുൻപ് ഐ ലീഗ് കിരീടം കേരളത്തിന്റെ സ്വന്തം ഗോകുലം കേരള.
ഇത്തവണത്തെ ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നേടാം എന്ന പ്രതീക്ഷകളിലായിരുന്നു ഗോകുലം കേരള ഉണ്ടായിരുന്നത്. എന്നാൽ തിരിച്ചടികളാണ് ഇപ്പോൾ ഗോകുലത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിലും ഒരു കനത്ത തോൽവി ഗോകുലത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റിയൽ കാശ്മീർ അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഗോകുലം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്തെന്നാൽ അവർ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഗോകുലത്തിന് കഴിഞ്ഞിട്ടില്ല. ഐഎസ്എൽ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഇത് ഏൽപ്പിക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ശില്ലോങ്ങ് ലജോങ്ങിനോട് ഗോകുലം കേരള പരാജയപ്പെട്ടിരുന്നത്.
അതിനുശേഷം ചർച്ചിൽ ബ്രദേഴ്സ്, നംദാരി എഫ്സി,മുഹമ്മദൻ എസ്സി എന്നിവരോട് ഗോകുലം സമനില വഴങ്ങുകയായിരുന്നു.അതിനുശേഷമാണ് കാശ്മീരിനോട് ഇപ്പോൾ പരാജയപ്പെട്ടിട്ടുള്ളത്. ഒരു ഉയർത്തെഴുന്നേൽപ്പ് അത്യാവശ്യമായ സമയമാണ് ഗോകുലത്തിന്.ലീഗ് കിരീടം നേടിക്കൊണ്ട് ഐഎസ്എല്ലിലേക്ക് പോകണമെങ്കിൽ ഒരുപാട് ദൂരം ഗോകുലം ഇത്തവണ സഞ്ചരിക്കേണ്ടതുണ്ട്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം മാത്രം നേടിയിട്ടുള്ള ഗോകുലം പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.13 പോയിന്റാണ് ഉള്ളത്.
10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. എട്ടുമത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള മുഹമ്മദൻ രണ്ടാം സ്ഥാനത്ത് വരുന്നുണ്ട്. ഇവർക്ക് വലിയ സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നുണ്ട്. ഏതായാലും പൂർവാധികം ശക്തിയോടുകൂടി ഗോകുലം കേരള തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ അവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ കാണാൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയിലാണ് അവരുടെ ആരാധകർ ഉള്ളത്.