എന്റെ കോച്ചിങ് കരിയറിൽ ഇങ്ങനെയൊന്ന് ഇതിനു മുൻപ് ഉണ്ടായിട്ടില്ല: ഇവാൻ വുക്മനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ഫെഡോർ ചെർനി നേടിയ ഗോളിലൂടെ ആദ്യം ലീഡ് എടുത്തത് ബ്ലാസ്റ്റേഴ്സായിരുന്നു. പക്ഷേ അവസാനം അത് കൊണ്ടുപോയി കളഞ്ഞ് കുളിക്കുകയായിരുന്നു.
87ആം മിനുട്ടിൽ എതിരാളികളൾ സമനില നേടി. പിന്നീട് എക്സ്ട്രാ ടൈമിൽ 97ആം മിനുട്ടിൽ അവർ വിജയ ഗോളും നേടി കൊണ്ട് സെമിഫൈനലിൽ പ്രവേശിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തി എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കിട്ടിയ ഗോളവസരങ്ങൾ പാഴാക്കിക്കളഞ്ഞത് യഥാർത്ഥത്തിൽ ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു. മത്സരശേഷം ഇക്കാര്യം പരിശീലകൻ വുക്മനോവിച്ച് പറയുകയും ചെയ്തു.
മാത്രമല്ല ഈ സീസണിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.പരിക്ക് കാരണം പല സുപ്രധാനതാരങ്ങളെയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.സസ്പെൻഷൻ കാരണവും പലർക്കും മത്സരങ്ങൾ നഷ്ടമായിരുന്നു.ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ പൂർണമായും ഈ പരിശീലകന്റെ കൈകളിൽ നിന്നും കാര്യങ്ങൾ വഴുതി പോവുകയായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഒരു കാര്യം സമ്മതിച്ചേ മതിയാകൂ. ഒരു പരിശീലകൻ എന്ന നിലയിൽ എന്റെ കരിയറിൽ ഉണ്ടായിട്ടുള്ള ഏറ്റവും കഠിനമായ സീസൺ ഇതാണ്, ഇതിനു മുൻപ് ഇങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല,ഇതായിരുന്നു വുക്മനോവിച്ച് പറഞ്ഞിരുന്നത്.അത്രയേറെ പ്രതിസന്ധികൾ അദ്ദേഹം അനുഭവിച്ചിരുന്നു എന്നത് വ്യക്തമാണ്.
ഈ സീസണിന് ശേഷം വുക്മനോവിച്ച് ബ്ലാസ്റ്റേഴ്സ് വിടുമെന്ന റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ ഇവാൻ തന്നെ അത് നിരസിക്കുകയും ചെയ്തിരുന്നു. അടുത്ത സീസണിൽ അദ്ദേഹം തന്നെയായിരിക്കും ക്ലബ്ബിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.