മെസ്സിയെ എങ്ങനെ പൂട്ടും? മറക്കുന്നതാണ് നല്ലതെന്ന് ഹാമിഷ് റോഡ്രിഗസ്
അർജന്റീനയും കൊളംബിയയും തമ്മിലാണ് കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ 5:30ന് അമേരിക്കയിലെ മയാമിയിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ മത്സരം നടക്കുന്നത്.നിലവിലെ ജേതാക്കളായ അർജന്റീനയുടെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതാണ്. എന്നാൽ അപരാജിത കുതിപ്പ് നടത്തുന്ന കൊളംബിയയുടെ ലക്ഷ്യം ഒരു വലിയ ഇടവേളക്ക് ശേഷം കിരീടം നേടുക എന്നതാണ്.
ഫൈനലിൽ കൊളംബിയക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക ലയണൽ മെസ്സി തന്നെയായിരിക്കും. ഒരു അസാധാരണമായ പ്രകടനമൊന്നും ഈ കോപ്പയിൽ മെസ്സി നടത്തിയിട്ടില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.ഈ ഈ ഫൈനൽ മത്സരത്തിന് താൻ റെഡിയായി കഴിഞ്ഞു എന്ന് മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ പരമാവധി മികച്ച പ്രകടനം മെസ്സി പുറത്തെടുത്തേക്കും.
മെസ്സിയെ എങ്ങനെ പൂട്ടും? കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസിനോട് ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു.മെസ്സിയെ പൂട്ടാനുള്ള മാർഗം ഇതുവരെ ഒരു പരിശീലകനും കണ്ടെത്തിയിട്ടില്ല എന്നാണ് ഹാമിഷ് പറഞ്ഞിട്ടുള്ളത്. മെസ്സിയെ പൂട്ടുക എന്നത് മറന്നു കളയുന്നതാണ് നല്ലത് എന്നും ഹാമിഷ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് പരിശോധിക്കാം.
മെസ്സിയെ തടയുക എന്നത് മറന്ന് കളയുന്നതാണ് നല്ലത്. അതൊരു ടൈം വേസ്റ്റിംഗാണ്. മറിച്ച് റിസൾട്ടാണ് പ്രധാനം. ഞാൻ സ്പെയിനിൽ വെച്ച് മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ തടയാനുള്ള ഒരു മാർഗ്ഗവും ഇതുവരെ പരിശീലകർ ആരും തന്നെ കണ്ടെത്തിയിട്ടില്ല. മെസ്സി അർജന്റീനക്കൊപ്പം മുമ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ ഒരു കാര്യം. അതുകൊണ്ടുതന്നെ ഒരല്പം ശാന്തമായ രീതിയിൽ ആയിരിക്കും അദ്ദേഹം കളിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പക്ഷേ അർജന്റീനക്ക് ഒരുപാട് പോരാളികൾ ഉണ്ട്. അതുകൊണ്ടുതന്നെ മത്സരം കടുത്തതായിരിക്കും, ഇതാണ് ഹാമിഷ് പറഞ്ഞിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ഈ കോപ്പ അമേരിക്കയിൽ ഹാമിഷ് നടത്തുന്നത്.ഒരു ഗോളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ കോപ്പ അമേരിക്ക ഗോൾഡൻ ബോൾ അദ്ദേഹം നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.