കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ്ബ് വിജയിച്ചിട്ടില്ല. അത് അവസാനിപ്പിക്കാൻ ഇത്തവണ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.മികച്ച ഒരു വിജയം നേടാൻ വേണ്ടിയുള്ള ശ്രമമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പക്കലിൽ നിന്നുണ്ടാവുക.
ഈ സീസണിൽ ഏറ്റവും ദയനീയമായ പ്രകടനം പുറത്തെടുത്ത ടീമാണ് ഹൈദരാബാദ്. ക്ലബ്ബിനകത്ത് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ ഉണ്ടായതിനാൽ തന്നെ ടീം ആകെ താളം എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ യുവതാരങ്ങളെ വെച്ചുകൊണ്ടാണ് അവർ മുന്നോട്ടുപോകുന്നത്. അവരുടെ മുഖ്യ പരിശീലകനായ സിങ്റ്റോ നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന് ക്ലബ്ബിനെക്കുറിച്ചും ആരാധകരെ കുറിച്ചും നന്നായി അറിയാം.
അതുകൊണ്ടുതന്നെ തന്റെ താരങ്ങൾക്ക് അദ്ദേഹം ഇപ്പോൾ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഞ്ഞപ്പട മത്സരത്തിൽ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നും അതിനാൽ ഞങ്ങൾ റെഡിയായിരിക്കേണ്ടതുണ്ട് എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിങ്റ്റോ പറഞ്ഞത് ഇപ്രകാരമാണ്.
നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യത കരസ്ഥമാക്കിയ ഒരു ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്.ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ടീമാണ്.ഏറെ പ്രശസ്തിയുള്ള ടീമാണ്. ഒരുപാട് പാഷനേറ്റായ ആരാധകർ ഉള്ള ടീമാണ് അവർ. ഞാൻ വിശ്വസിക്കുന്നത് ഇവിടെയും ഒരു കൂട്ടം മഞ്ഞപ്പട ആരാധകർ ഉണ്ടാവുമെന്നാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ തയ്യാറായിരിക്കണം,ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ട്രാവൽ ഫാൻസിനെ അവകാശപ്പെടാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ അപൂർവ്വം ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കളിക്കുന്നത് എതിരാളികളുടെ മൈതാനത്ത് ആണെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒന്നാമത് പലപ്പോഴും ബ്ലാസ്റ്റേഴ്സ് തന്നെയായിരിക്കും.അത് ടീമിന് പലപ്പോഴും ഗുണകരമാവാറുണ്ട്.