ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. ആദ്യ പകുതിയിൽ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
ഈ ഗോളിനുള്ള അസിസ്റ്റ് ക്യാപ്റ്റൻ ലൂണയുടെ വകയായിരുന്നു.തകർപ്പൻ പ്രകടനമാണ് ക്ലബ്ബ് ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു.ഏഴുമത്സരങ്ങളിൽ അഞ്ചിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് 16 പോയിന്റുകൾ കരസ്ഥമാക്കി.നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്താണ്.അതിഗംഭീരമായ ഒരു തുടക്കം തന്നെയാണ് ലഭിച്ചിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹൈദരാബാദിനും കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനത്തിൽ അവർ ബ്ലാസ്റ്റേഴ്സിനെ നിരന്തരം പരീക്ഷിച്ചിരുന്നു. പക്ഷേ ഗോൾ നേടാൻ സാധിക്കാതെ പോയത് അവർക്ക് തിരിച്ചടിയായി. ഇതുതന്നെയാണ് അവരുടെ പരിശീലകനായ താങ്ബോയ് സിംഗ്റ്റൊ തുറന്നു പറഞ്ഞിട്ടുള്ളതും.ഗോളടിക്കാതെ മികച്ച രീതിയിൽ കളിച്ചിട്ട് എന്ത് കാര്യം എന്നാണ് ഇദ്ദേഹം ചോദിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച രീതിയിൽ മത്സരത്തിൽ ഞങ്ങളാണ് കളിച്ചതെന്ന് പലരും പറയുന്നത് ഞാൻ കേട്ട് കഴിഞ്ഞു. പക്ഷേ ഫുട്ബോൾ എന്നത് കേവലം സ്റ്റാറ്റസുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.ഗോളുകൾ നേടാതെ മികച്ച രീതിയിൽ കളിച്ചിട്ട് എന്ത് കാര്യം, അത് സഹായകരമാവില്ലല്ലോ? ഹൈദരാബാദ് കോച്ച് പ്രസ് കോൺഫറൻസിൽ പറഞ്ഞു.
പതിവുപോലെ മികച്ച പ്രകടനം നടത്താൻ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സാധിച്ചിരുന്നു. മികച്ച സേവുകൾ അദ്ദേഹം നടത്തിയിരുന്നു. എന്നാൽ ഈ പരിശീലകൻ പറഞ്ഞ സമാനമായ അവസ്ഥ ബ്ലാസ്റ്റേഴ്സിനും ഉണ്ടായിട്ടുണ്ട്. മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. പക്ഷേ ആ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.