ഒരു വലിയ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഇന്റർനാഷണൽ ബ്രേക്ക് കാരണം ഒരു വലിയ ഇടവേള തന്നെയായിരുന്നു സംഭവിച്ചിരുന്നത്. കഴിഞ്ഞ നവംബർ നാലാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു മത്സരം കളിച്ചത്. ആ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ആ മത്സരം നടന്നിരുന്നത്.
ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തുന്നത് സ്വന്തം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കാണ്.ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് ഈ മത്സരം നടക്കുക. വിജയ കുതിപ്പ് തുടരുക എന്ന ലക്ഷ്യം മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനായ ഇവാൻ വുക്മനോവിച്ചിനും ഉണ്ടാവുക.
ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായ താങ്‌ബോയ് സിംഗ്റ്റോ പ്രസ് കോൺഫറൻസിൽ ഇന്ന് പങ്കെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധക കൂട്ടത്തെ കുറിച്ച് ഇദ്ദേഹത്തോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു.ആരാധകരെ പ്രശംസിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇവരെ അഭിമുഖീകരിക്കാൻ താരങ്ങൾ മാനസികമായും ശാരീരികമായും തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങളുടെ ടീമിലെ താരങ്ങൾ,പ്രത്യേകിച്ച് വിദേശ താരങ്ങൾ വലിയ ആരാധക കൂട്ടത്തിനു മുന്നിൽ നേരത്തെ കളിച്ചിട്ടുണ്ട്, തീവ്രത നിറഞ്ഞ മത്സരങ്ങൾ കളിച്ചു പരിചയം ഉള്ളവരുമാണ്.അത് അവർ ആസ്വദിക്കാറുണ്ട്. ഈ വലിയ ആരാധക കൂട്ടത്തെ നേരിടാൻ അവർ ശാരീരികമായും മാനസികമായും തയ്യാറെടുത്തു കഴിഞ്ഞു.ക്ലീൻ ഷീറ്റ് നേടുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,ലഭിക്കുന്ന അവസരങ്ങൾ ഗോളാക്കി മാറ്റിക്കൊണ്ട് പോയിന്റുകൾ ഞങ്ങൾക്ക് നേടേണ്ടതുണ്ട്, ഇതാണ് ഞങ്ങളുടെ ടാക്ടിക്കൽ വ്യൂ,ഹൈദരാബാദ് പരിശീലകൻ പറഞ്ഞു.
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഹൈദരാബാദ് നടത്തിക്കൊണ്ടിരിക്കുന്നത്.ഒരൊറ്റ വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ആറുമത്സരങ്ങളിൽ മൂന്ന് സമനിലയും മൂന്ന് തോൽവിയും ഉള്ള ഇവർ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. അതേസമയം 13 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.