കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ്സി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുണ്ട്.അതുകൊണ്ടുതന്നെ താരങ്ങൾക്കും ഒഫീഷ്യൽസിനും അവർ സാലറി നൽകിയിരുന്നില്ല.ഇതോടെ ഹൈദരാബാദിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ക്ലബ്ബ് വിട്ടിരുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് കാര്യങ്ങൾ ഗുരുതരമായത്.
ക്യാപ്റ്റൻ ജോവോ വിക്ടർ അല്ലാതെ എല്ലാ വിദേശ താരങ്ങളും ഹൈദരാബാദിനോട് വിട പറഞ്ഞിരുന്നു. മാത്രമല്ല ഇന്ത്യൻ സൂപ്പർ താരങ്ങളായനിഖിൽ പൂജാരി,ഹിതേഷ് ശർമ്മ,നിം ഡോർജീ,ഗുർമീത് സിംഗ്,മുഹമ്മദ് യാസർ, സാഹിൽ സവോറ എന്നിവരൊക്കെ മറ്റുള്ള ക്ലബ്ബുകളിലേക്ക് പോവുകയും ചെയ്തിരുന്നു. ഇപ്പോൾ അക്കാദമി താരങ്ങളെ വെച്ചുകൊണ്ടാണ് ഹൈദരാബാദ് എഫ്സി മുന്നോട്ട് പോകുന്നത്.നേരത്തെ തന്നെ ഫിഫയുടെ ട്രാൻസ്ഫർ ബാൻ ലഭിച്ചിട്ടുള്ള ക്ലബ്ബാണ് ഹൈദരാബാദ്.
ഓഗ്ബച്ചെക്ക് സാലറി നൽകാത്തതുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു ഫിഫയുടെ ട്രാൻസ്ഫർ ബാൻ ലഭിച്ചിരുന്നത്. മാത്രമല്ല പത്തിലധികം പരാതികൾ ഈ ക്ലബ്ബിനെതിരെ AIFF ന് ലഭിച്ചിട്ടുണ്ട്.ഇതെല്ലാം സാലറി നൽകാത്തതുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ AIFF പ്ലെയർ സ്റ്റാച്യു കമ്മിറ്റി ഹൈദരാബാദിനെതിരെ ഇപ്പോൾ നടപടി എടുത്തിട്ടുണ്ട്. അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോയിലും ഈ ക്ലബ്ബിനെതിരെ ട്രാൻസ്ഫർ ബാൻ ചുമത്തിയിട്ടുണ്ട്. ഇക്കാര്യം ഇപ്പോൾ AIFF ഒഫീഷ്യലായി സ്ഥിരീകരിച്ചു കഴിഞ്ഞു.
അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും ട്രാൻസ്ഫർ നടത്താൻ ഈ ക്ലബ്ബിന് കഴിയില്ല. പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ഈ ക്ലബ്ബിന് കഴിയില്ല. അത് അർത്ഥം നിലവിലെ അക്കാദമിയിലെ ഇന്ത്യൻ താരങ്ങളെ വെച്ച് ഹൈദരാബാദ് അടുത്ത സീസണും കളിക്കേണ്ടിവരും എന്നതാണ്.ചുരുക്കത്തിൽ അതീവ പ്രതിസന്ധിയിലേക്കാണ് ഹൈദരാബാദ് പോയിക്കൊണ്ടിരിക്കുന്നത്.
തെറ്റുകൾ തുടർച്ചയായി ആവർത്തിച്ചു എന്ന കാരണത്താലാണ് AIFF ഇപ്പോൾ ഈ ക്ലബ്ബിനെതിരെ നടപടി എടുത്തിട്ടുള്ളത്.അക്കാദമി താരങ്ങളെ വെച്ച് കളിക്കുന്നത് കൊണ്ട് തന്നെ ഇപ്പോൾ തുടർച്ചയായി തോൽവികൾ ഹൈദരാബാദ് വഴങ്ങുന്നുമുണ്ട്. ഈ സീസണിന്റെ തുടക്കം തൊട്ടേ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തുന്നത്. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഉള്ളത്.ഏതായാലും മറ്റൊരു ഉടമസ്ഥർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടില്ലെങ്കിൽ ഈ ക്ലബ്ബ് പൂട്ടി പോയാലും അത്ഭുതപ്പെടേണ്ടി വരില്ല.