മെസ്സി-സുവാരസ് ആവാൻ നോക്കി ഇക്കാർഡി,പാളിപ്പോയി, അഞ്ചു മിനിട്ടിനകം ഇരുവരും പ്രായശ്ചിത്തം ചെയ്തു.

ലോക ഫുട്ബോളിലെ തന്നെ മനോഹരവും അപകടകാരിയുമായ കൂട്ടുകെട്ടായിരുന്നു ലിയോ മെസ്സിയും ലൂയിസ് സുവാരസ്സും. ബാഴ്സലോണക്ക് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ച് കളിച്ചിരുന്നത്.നിരവധി ഗോളുകൾ ഈ രണ്ടു താരങ്ങളും ചേർന്നുകൊണ്ട് നേടിയിട്ടുണ്ട്. അതിൽ മനോഹരമായത് ഒരു പെനാൽറ്റി ഗോൾ തന്നെയായിരുന്നു.

സെൽറ്റ വിഗോക്കെതിരെയുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണക്ക് പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി നേരിട്ട് എടുക്കാതെ മെസ്സി സുവാരസിന് പാസ് നൽകുകയായിരുന്നു. സുവാരസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. അങ്ങനെ പെനാൽറ്റി ലയണൽ മെസ്സി അസിസ്റ്റാക്കി മാറ്റി. ഫുട്ബോളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഇത് അന്നത്തോടെ വളരെയധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

അർജന്റൈൻ താരമായ മൗറോ ഇക്കാർഡി ഇപ്പോൾ കളിക്കുന്നത് തുർക്കിയിലെ പ്രമുഖ ക്ലബ്ബായ ഗലാറ്റ്സറെക്ക് വേണ്ടിയാണ്.ഇന്നലത്തെ മത്സരത്തിൽ മെസ്സിയെയും സുവാരസിനെയും അനുകരിക്കാൻ ഇക്കാർഡി ശ്രമിച്ചിട്ടുണ്ട് എന്നത് മാത്രമല്ല അത് പരാജയപ്പെടുന്ന ഒരു ദയനീയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഗലാറ്റ്സറെയുടെ എതിരാളികൾ ഇസ്താംബോൾസ്പോർ എന്ന ക്ലബ്ബ് ആയിരുന്നു. ഈ മത്സരത്തിന്റെ 37ആം മിനിട്ടിലാണ് ഗലാറ്റ്സറെക്ക് ഒരു പെനാൽറ്റി ലഭിച്ചത്. സാധാരണ രീതിയിൽ പെനാൽറ്റി എടുക്കാറുള്ള ഇക്കാർഡി ഈ പെനാൽറ്റി തന്റെ സഹതാരമായ കെരീം അക്തർകോഗ്ളൂവിന് നൽകുകയായിരുന്നു. അദ്ദേഹം ഡയറക്റ്റ് പെനാൽറ്റി എടുക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ അദ്ദേഹം നേരത്തെ പ്ലാൻ ചെയ്തതുപോലെ ഇക്കാർഡിക്ക് പാസ് നൽകുകയായിരുന്നു.ഇക്കാർഡി ഓടിയെത്തി ആ പന്ത് പിടിച്ചെടുത്ത് ഷോട്ട് എടുക്കുകയും ചെയ്തു. പക്ഷേ ആ ഷോട്ട് പോയത് പുറത്തേക്കാണെന്ന് മാത്രം. രണ്ടുപേരുടെയും പ്ലാൻ നല്ലതായിരുന്നു എങ്കിലും മെസ്സി-സുവാരസ്‌ കോംബോ വിജയകരമായി പൂർത്തിയാക്കിയത് പോലെ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കാതെ പോവുകയായിരുന്നു.പക്ഷേ അഞ്ച് മിനിട്ടിനകം ഈ രണ്ടു പേരും ചേർന്നുകൊണ്ട് ഇതിനെ പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.

5 മിനിറ്റ് ശേഷം ഇക്കാർഡി തന്നെ ഗോൾ നേടിക്കൊണ്ട് ഗലാറ്റ്സറെക്ക് ലീഡ് നേടിക്കൊടുത്തു. ഈ ഗോളിന് അസിസ്റ്റ് നൽകിയത് അക്തർകോഗ്ളൂവായിരുന്നു.ഈ ഒരൊറ്റ ഗോളിലാണ് ഇപ്പോൾ ഈ തുർക്കിഷ് ക്ലബ് വിജയിച്ചിട്ടുള്ളത്. 6 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ നേടിയിട്ടുള്ള ഈ അർജന്റൈൻ താരം തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

Lionel MessiLuis SuarezMauro Icardi
Comments (0)
Add Comment