കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ടീം ഒന്നടങ്കം മികച്ച പ്രകടനമാണ് നടത്തിയത്. ഇടക്കാല പരിശീലകനായ ടിജി പുരുഷോത്തമൻ,തോമസ് തോർസ് എന്നിവർക്ക് കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
ഈ ഇടക്കാല പരിശീലകർക്ക് കീഴിൽ മികവിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ? ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം ഐഎസ്എൽ തന്നെ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ 3 പോസിറ്റീവുകളാണ് അവർ വിലയിരുത്തിയിട്ടുള്ളത്. ആ മൂന്നു കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
1-ഗോളടിയിലേക്ക് തിരിച്ചെത്തി നോവ, വഴിയൊരുക്കലുകളുമായി ലൂണ
എഫ്‌സി ഗോവയിൽ തുടർച്ചയായ രണ്ട് സീസണിൽ അവസരങ്ങൾ രൂപപെടുത്തിയും ലക്ഷ്യത്തിലെത്തിച്ചും ടീമിന്റെ കുതിപ്പിന് ഇന്ധനമേകിയ നോവ സദൗയിക്ക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഈ സീസണും വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ അഞ്ച് മത്സരത്തിൽ നാലിലും അദ്ദേഹം ഗോൾ സംഭാവനകൾ നൽകി – നേടിയത് മൂന്ന് ഗോളും ഒരു അസിസ്റ്റും. തുടർന്ന്, പരിക്കുകളാൽ മിനിറ്റുകൾ നഷ്ടപ്പെട്ട അദ്ദേഹം ശേഷം വലകുലുക്കിയത് ചെന്നൈയിനെതിരായ ജയത്തിൽ. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. അവയിലെല്ലാം കേരളം തോൽവി വഴങ്ങുകയും ചെയ്തു.
ഗോൾഡൻ ബൂട്ടിനുള്ള ഓട്ടത്തിൽ രണ്ടാമതുള്ള പ്രധാന സ്‌ട്രൈക്കർ ജീസസ് ജിമെനെസിന്റെ അഭാവത്തിൽ അദ്ദേഹമായിരുന്നു മൊഹമ്മദെനെതിരെയുള്ള മത്സരത്തിൽ രക്ഷകനായത്. ഒരു ഗോളടിച്ച് രണ്ട് അവസരങ്ങൾ സൃഷ്‌ടിച്ച മൊറോക്കൻ വിങ്ങർ മത്സരത്തിലെ മികച്ച താരമായി മാറി. അദ്ദേഹത്തിന്റെ ഗോൾ നേട്ടം ആരാധകർക്ക് നൽകുന്നത് പ്രതീക്ഷയാണ്. പ്രത്യേകിച്ചും, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയവരുടെ നിരയിൽ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ട് താഴെ മൂന്നാമതായി നിൽക്കുന്ന ജംഷെഡ്പൂരിനെതിരെ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ.
ഇതിനൊപ്പം ചേർത്ത പറയാവുന്ന മറ്റൊരു ഘടകമാണ് ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഫോം. നോവയുടെ വരവോടെ ഇടത് വിങ്ങിൽ ഒരു വൈഡ് മിഡ്ഫീൽഡറെന്ന സ്വാഭാവിക സ്ഥാനത്ത് നിന്നും മാറി ഒരു അറ്റാക്കിങ് മിഡ് ഫീൽഡറുടെ ജോലിയാണ് ഇത്തവണ ടീമിൽ നിറവേറ്റുന്നത്. സീസണിന്റെ തുടക്കത്തിൽ സ്വാഭാവിക പൊസിഷനിൽ നിന്നുണ്ടായ ഈ മാറ്റം കളത്തിൽ തന്റെ പൂർണമായ പൊട്ടെൻഷൽ പുറത്തെടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ പ്രതിരോധിച്ചു. എന്നാൽ ഇന്നദ്ദേഹം പതിയെ ആ സ്ഥാനത്തോട് പൊരുത്തപ്പെടുകയാണ്. പതിനൊന്ന് മത്സരങ്ങളിൽ നിന്നും നാല് അസിസ്റ്റുകളുമായി ഉറുഗ്വേ വിങ്ങർ അസിസ്റ്റ് നിരയിൽ നാലാമതുണ്ട്. അപകടകാരിയായ സെറ്റ് പീസുകളിലൂടെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന്റെ ആക്രമണത്തിൽ നിർണായകമാകുന്നത് കഴിഞ്ഞ മത്സരത്തിലും കണ്ടിരുന്നു.
2-മെച്ചപ്പെട്ട സെറ്റ് പീസുകൾ
ഈ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരെയുണ്ടായ വിമർശനങ്ങളിൽ ഒന്നായിരുന്നു സെറ്റ് പീസുകളിലെ മികവില്ലായ്മ. ആക്രമണത്തിലും പ്രതിരോധത്തിലും പെനാൽറ്റി ഒഴികെയുള്ള സെറ്റ് പീസുകളിൽ ടീം പതറിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ കാറ്റിൽ പറത്തിയാണ് അവർ മൊഹമ്മദെനെതിരായ മത്സരം അവസാനിപ്പിച്ചത്.
അൻപത്തിനാലാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽ ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രിൻ പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ച് തലവെച്ചെങ്കിലും ഉജ്ജ്വലമായ രക്ഷപ്പെടുത്തലിലൂടെ ഭാസ്കർ റോയ് കരിമ്പുലികളുടെ രക്ഷകനായി. അറുപത്തിയൊന്നാം മിനിറ്റിൽ ടീമിന്റെ നായകനെടുത്ത മറ്റൊരു കോർണറിന്റെ മഴവില്ലഴകിന് ആരാധകർ സാക്ഷിയായി. ബോക്സിലേക്ക് കുറിച്ച പന്ത് തട്ടിയകറ്റാൻ ശ്രമിച്ച ഭാസ്കർ റോയിക്ക് പക്ഷെ പിഴച്ചു. ഗതിമാറിയ പന്ത് നേരെ വലയിലേക്കും കേരളം ലീഡിലേക്കും.
എഴുപത്തിയൊമ്പതാം മിനിറ്റിൽ നേടിയ രണ്ടാമത്തെ ഗോൾ പിറന്നതും ഒരു സെറ്റ് പീസിന്റെ ബാക്കിയായാണ്. ലൂണയെടുത്ത കിക്ക് ബോക്സിൽ നിന്നും തട്ടിയകറ്റപ്പെടുന്നു, പന്ത് ലഭിച്ച പെപ്രയത് വീണ്ടും ക്യാപ്റ്റനിലേക്ക് എത്തിക്കുന്നു. അവിടുന്ന് വലത് വിങ്ങിൽ കൊറു സിങ്ങിലേക്ക്. പതിനെട്ടുകാരനായ മണിപ്പൂരുകാരൻ അവിടുന്ന് ബോക്സിലേക്കെടുത്ത ക്രോസിലേക്ക് നോവ തലവെച്ചതോടെ കേരളത്തിന്റെ ലീഡ് ഇരട്ടിക്കുന്നു.
മുൻ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി സെറ്റ് പീസുകൾ കൃത്യമായി ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞ മത്സരത്തിൽ സാധിച്ചു. ടീമിന്റെ സെറ്റ് പീസിലുള്ള അവബോധത്തിന്റെ കാരണം ക്ലബ്ബിന്റെ യൂത്ത് ഡെവലപ്മെന്റ് ഹെഡും സഹ പരിശീലകനുമായ തോമഷ് തൂഷാണെന്ന് മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ടിജി പുരുഷോത്തമൻ വ്യക്തമാക്കിയിരുന്നു.
3-ഈ ജയം ഭാവിയിൽ കോൺഫിഡൻസ് നൽകുന്നു
മിക്കേൽ സ്റ്റാറെയുമായി വഴിപിരിഞ്ഞ ശേഷമുള്ള ആദ്യത്തെ മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് മൊഹമ്മദെൻ എസ്‌സിക്കെതിരെ ഇറങ്ങിയത്. അദ്ദേഹത്തിന് കീഴിലുള്ള മുൻ മത്സരങ്ങൾ ഗോളുകൾ അടിക്കുന്നതിനൊപ്പം നിരന്തരമായി വഴങ്ങിയത് ടീമിനെ അങ്കലാപ്പിക്കാക്കി. പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും കണ്ടെത്തിയത് ഒരേയൊരു ക്ലീൻ ഷീറ്റ്.
പ്രതിരോധത്തിലെ അപാകതകളും താരങ്ങളുടെ വ്യക്തിഗത പിഴവുകളും ചോർത്തിയത് ഒരുപിടി പോയിന്റുകൾ.
തുടർ തോൽവികളിൽ കുഴങ്ങിയിരിക്കുന്ന ടീമിന് ഇടക്കാല പരിശീലകന് കീഴിൽ നേടിയ ഈ ജയം കൂടുതൽ ഊർജം നൽകും. പ്രത്യേകിച്ചും ഇനിയുള്ള മത്സരങ്ങൾ താരതമ്യേന കടുപ്പം കുറഞ്ഞ എതിരാളികളുമായതിനാൽ. അടുത്ത മത്സരത്തിൽ ജംഷെഡ്പൂരിലെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ജംഷെഡ്പൂർ എഫ്‌സിയെയും തുടർന്ന് ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിയെയും ശേഷം കൊച്ചിയിലെ സ്വന്തം മൈതാനത്ത് ഒഡീഷ എഫ്‌സിയെയും നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെയും നേരിടും. ലീഗിൽ മുകളിലേക്ക് കുതിക്കാൻ ഈ മത്സരങ്ങളിൽ പോയിന്റുകൾ നേടുക എന്നത് ടീമിന് നിർണായകമാണ്. പ്രത്യേകിച്ച് പ്ലേ ഓഫ് സ്പോട്ടായ ആറാം സ്ഥാനത്തേക്ക് നാല് പോയിന്റുകൾ അകലമുള്ളപ്പോൾ.
ഇതാണ് ഐഎസ്എൽ വിലയിരുത്തിയിട്ടുള്ളത്. ഇതിനോടുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് പങ്കുവെക്കാം