ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തിട്ടുള്ളത്. മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ പുറത്താവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. വളരെ മോശം പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണം എന്നുള്ള ആവശ്യം വളരെ സജീവമാണ്.ആരാധകർ തന്നെ ഈ കാര്യത്തിൽ മുറവിളി കൂട്ടുന്നുണ്ട്. പക്ഷേ ഈ അടുത്തകാലത്ത് സ്റ്റിമാച്ചിന്റെ കോൺട്രാക്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയിരുന്നു. 2026 വരെ നിലവിൽ ഇന്ത്യയുമായി അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
പക്ഷേ ഇന്ത്യൻ ഫുട്ബോളിൽ പൊട്ടിത്തെറി സംഭവിച്ചിട്ട് നാളുകൾ ഏറെയായി. അതായത് പരിശീലകൻ സ്റ്റിമാച്ചും AIFF പ്രസിഡന്റ് കല്യാൺ ചൗബേയും തമ്മിൽ ഉടക്കിലാണ്. കഴിഞ്ഞ സാഫ് ചാമ്പ്യൻഷിപ്പിന് ശേഷം ഈ രണ്ടുപേരും പരസ്പരം സംസാരിച്ചിട്ടില്ല.ബ്രിഡ്ജ് ഫുട്ബോളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടുപേരും തമ്മിലുള്ള ഉടക്ക് ഇപ്പോഴും തുടരുകയാണ്.
ഇഗോർ സ്റ്റിമാച്ചിന്റെ കോൺട്രാക്ട് പുതുക്കുന്നതിനോട് കല്യാൺ ചൗബേക്ക് യാതൊരുവിധ താൽപര്യങ്ങളും ഇല്ലായിരുന്നു.അദ്ദേഹത്തെ നിലനിർത്തേണ്ടതില്ല എന്ന് തന്നെയായിരുന്നു പ്രസിഡന്റിന്റെ തീരുമാനം. പക്ഷേ ബാക്കിയുള്ള ബോർഡ് അംഗങ്ങൾ സ്റ്റിമാച്ചിനെ പിന്തുണയ്ക്കുകയായിരുന്നു.ഇതോടെ കൂടിയാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കിയത്.ഇക്കാര്യത്തിൽ പ്രസിഡണ്ടിന് യാതൊരുവിധ താൽപര്യങ്ങളും ഉണ്ടായിരുന്നില്ല.
സ്റ്റിമാച്ച് ഉള്ളതുകൊണ്ടുതന്നെ പ്രസിഡന്റ് ഏഷ്യൻ കപ്പിന് യാതൊരുവിധ പിന്തുണയും നൽകിയിരുന്നില്ല.ഏഷ്യൻ കപ്പിന് മുന്നേ താരങ്ങളോട് ഒന്ന് സംസാരിക്കാൻ പോലും ചൗബേ തയ്യാറായിരുന്നില്ല എന്നുള്ള കാര്യവും ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ഏഷ്യൻ കപ്പിലെ മോശം പ്രകടനം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തിട്ടുള്ളത്.സ്റ്റിമാച്ചിന്റെ സ്ഥാനം നഷ്ടമായാലും അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.