ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്. നാണം കെട്ടുകൊണ്ടാണ് ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാമത്തെ മത്സരത്തിൽ ഉസ്ബക്കിസ്ഥാനും ഇന്ത്യയെ പരാജയപ്പെടുത്തി.
ഇന്നലെ നടന്ന മത്സരത്തിൽ സിറിയ കൂടി ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചതോടുകൂടി പതനം സമ്പൂർണ്ണമാവുകയായിരുന്നു. ഒരു പോയിന്റ് പോലും നേടാൻ കഴിയാത്ത ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതും വളരെ നിരാശാജനകമായ ഒരു കാര്യമാണ്. ഒരു ഉടച്ചു വാർക്കൽ ഇപ്പോൾ അത്യാവശ്യമാണ്.
പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഇന്നലത്തെ മത്സരത്തിനു ശേഷമുള്ള പ്രസ് കോൺഫറൻസിൽ നിരവധി കാര്യങ്ങൾ പരിശീലകൻ പറഞ്ഞിട്ടുണ്ട്.ഒരു ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യയെ കൊണ്ടുപോകും എന്നുള്ള ഒരു ഉറപ്പാണ് സ്റ്റിമാച്ച് ആരാധകർക്ക് നൽകിയിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
എന്റെ കയ്യിൽ മാന്ത്രിക വടിയൊന്നുമില്ല. ഞാൻ മാന്ത്രികനുമല്ല.ഞാൻ ഹാർഡ് വർക്ക് ചെയ്യുന്ന ഒരു മനുഷ്യനാണ്.കാര്യങ്ങളെ മാറ്റിമറിക്കാൻ ക്ഷമയും സമയവും ആവശ്യമാണ്.ഒരു രാത്രി കൊണ്ട് ഫുട്ബോളിൽ നല്ല കാര്യങ്ങൾ സംഭവിക്കില്ല.12 മാസത്തെ സമയമുണ്ട്. അതിനുള്ളിൽ ഞാൻ ഇന്ത്യയെ വേൾഡ് കപ്പ് യോഗ്യതയിൽ മൂന്നാം റൗണ്ടിലേക്ക് എത്തിച്ചിരിക്കും.ആ ഉറപ്പ് ഞാൻ നൽകുന്നു.പക്ഷേ അതിനുശേഷം നമ്മൾ കാര്യങ്ങൾ വേഗത്തിലാക്കേണ്ടി വരും,സ്റ്റിമാച്ച് പറഞ്ഞു.
ഇന്ത്യയും മറ്റുള്ള ടീമുകളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മറ്റുള്ള ടീമുകളുമായി ഒന്ന് പോരാടാൻ പോലുമുള്ള ശേഷി ഇപ്പോഴും ഇന്ത്യക്ക് ലഭിച്ചിട്ടില്ല എന്ന് വേണം വിലയിരുത്താൻ. ഏതായാലും ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്