ഏഷ്യൻ കപ്പിൽ നടന്ന ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.ആദ്യമത്സരത്തിൽ ഓസ്ട്രേലിയ എതിരല്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പിച്ചത്. അതിനുശേഷം നടന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. ഇതോടുകൂടി ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.
ഇനി നാളെ നടക്കുന്ന മത്സരത്തിൽ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ.നാളെ വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ എന്തെങ്കിലും ഇമ്പാക്റ്റുകൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.ഒരു പോയിന്റ് പോലും നേടാനായാൽ അത് ആശ്വസിക്കാനുള്ള വകയാകും. കാരണം ഇന്ത്യൻ ഫുട്ബോൾ ഇനിയും വളരാനുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ഇന്ത്യയുടെ നായകനായ സുനിൽ ഛേത്രിയെ തന്നെയാണ് ഇപ്പോഴും സ്ട്രൈക്കർ പൊസിഷനിൽ ടീം ആശ്രയിക്കുന്നത്. എന്നാൽ കരിയറിന്റെ അവസാന സമയത്തിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തിയോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച് ഒരല്പം രൂക്ഷമായ രീതിയിലാണ് മറുപടി നൽകിയത്. സ്ട്രൈക്കർമാരെ ഉണ്ടാക്കേണ്ടത് ക്ലബ്ബുകളുടെ ജോലിയാണ് എന്നാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.
ചേത്രിയുടെ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. എവിടെയും ഒരു ഇന്ത്യൻ പ്ലെയർ സെന്റർ ഫോർവേഡ് ആയി കൊണ്ട് കളിക്കുന്നില്ല.ഞാൻ സ്ട്രൈക്കർമാരെ ഉത്പാദിപ്പിക്കാൻ വേണ്ടിയല്ല ഇന്ത്യയിൽ എത്തിയിട്ടുള്ളത്.എന്റെ പണി അതല്ല. ക്ലബ്ബുകളാണ് അത് ചെയ്യേണ്ടത്.ഞാൻ ചെയ്യുന്നത് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുക മാത്രമാണ്,ഇതാണ് ഇന്ത്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഇന്ത്യൻ സെന്റർ ഫോർവേഡ്മാരെ ക്ലബ്ബുകൾ കളിപ്പിക്കുന്നില്ല, അതുകൊണ്ടുതന്നെ മികച്ച സ്ട്രൈക്കർമാർ ഇന്ത്യയിൽ നിന്നും ഉണ്ടാവുന്നില്ല.ഇഷാൻ പണ്ഡിതയെ പോലെയുള്ള താരങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല. ക്ലബ്ബുകൾ ഇന്ത്യൻ സ്ട്രൈക്കർമാർക്ക് അവസരങ്ങൾ നൽകാത്തത് ഇന്ത്യയുടെ ദേശീയ ടീമിനാണ് തിരിച്ചടി ഏൽപ്പിക്കുന്നത് എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.