ഇന്ത്യൻ ദേശീയ ടീം വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഏഷ്യൻ കപ്പിൽ കളിച്ച ടീമുകളിൽ ഏറ്റവും അവസാന സ്ഥാനത്ത് എത്തിയതും ഇന്ത്യ തന്നെയാണ്.
കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.സൗദി അറേബ്യയിൽ വച്ചുകൊണ്ടായിരുന്നു മത്സരം നടന്നിരുന്നത്. ഇന്ത്യയെക്കാൾ ദുർബലരാണ് എല്ലാ അർത്ഥത്തിലും അഫ്ഗാനിസ്ഥാൻ. എന്നിട്ടും ഇന്ത്യക്ക് വിജയം നേടാൻ സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യയുടെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് തന്നെയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഇപ്പോൾ ലഭിക്കുന്നത്.അദ്ദേഹത്തെ ഉടൻതന്നെ പുറത്താക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.ഇനിയും സ്റ്റിമാച്ചിൽ വിശ്വാസം അർപ്പിക്കുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനിടെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് താൻ പടിയിറങ്ങിയേക്കും എന്നുള്ള ഒരു സൂചന സ്റ്റിമാച്ച് തന്നെ നൽകി കഴിഞ്ഞിട്ടുണ്ട്.
അതായത് വേൾഡ് കപ്പിന്റെ യോഗ്യത റൗണ്ടിൽ നാലാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ ഇന്ത്യ കളിക്കുന്നത്. അടുത്ത റൗണ്ട് ആയ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യയെ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ താൻ പരിശീലക സ്ഥാനം ഒഴിയും എന്നാണ് സ്റ്റിമാച്ച് ഉറപ്പുനൽകിയിട്ടുള്ളത്.നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുക.
ഖത്തർ, കുവൈത്ത്,അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഇനി അടുത്ത മത്സരവും അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.