ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിലൊന്ന്, വിജയങ്ങളിൽ വിസ്മരിക്കാനാവാത്ത നാമം: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്.
ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഏറെ മെച്ചപ്പെടാൻ ഇന്ത്യൻ നാഷണൽ ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സമീപകാലത്ത് ഒരുപിടി കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മോശമല്ലാത്ത ഒരു ടീമിനെ വാർത്തെടുക്കാൻ സ്റ്റിമാച്ചിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യൻ നാഷണൽ ടീമിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായ ഈ താരം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അങ്ങനെ തന്നെയാണ്. പക്ഷേ നിലവിൽ അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ജീക്സണെ ഇപ്പോൾ വാനോളം പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിൽ ഒന്നാണ് ജീക്സൺ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ജീക്സന്റെ സാന്നിധ്യം ഇന്ത്യയുടെ എല്ലാ വിജയങ്ങളിലും നേട്ടങ്ങളിലും ഉണ്ടെന്നും ഈ കോച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഇന്ത്യൻ നാഷണൽ ടീമിന്റെ ഏറ്റവും കരുത്തുറ്റ നെടുംതൂണുകളിൽ ഒന്നാണ് ജീക്സൺ സിംഗ്. ടീമിന്റെ സക്സസിൽ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന ഫോം ടീമിന്റെ ബിൽഡിന് വളരെയധികം സഹായകരമാകുന്നു. അതിന്റെ ഘടനയെ സഹായിക്കുന്നു. നല്ല കവറിങ് കപ്പാസിറ്റിയും ഉള്ള താരമാണ് ജീക്സൺ. അത് ടീമിന് വളരെയധികം സ്ഥിരത നൽകുന്നു,ഇതാണ് ജീക്സണെ കുറിച്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കുവൈറ്റ്,ഖത്തർ എന്നിവർക്കെതിരെയാണ് ഇന്ത്യ കളിക്കുക. ആ മത്സരങ്ങളിൽ ഈ താരത്തിന്റെ സാന്നിധ്യം ഉണ്ടാവില്ല. കാരണം ഷോൾഡറിന് ഇഞ്ചുറി ഏറ്റ അദ്ദേഹം ഇപ്പോൾ കളത്തിന് പുറത്താണ്.കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത ഇരുപത്തിയഞ്ചാം തീയതി ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കളിക്കുക.