ലോക ചാമ്പ്യന്മാരായ അർജന്റീനയെയും മെസ്സിയെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇടക്കാലത്ത് വിഫലമായിരുന്നുവെങ്കിലും ഗവൺമെന്റിന്റെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് സ്പോർട്സ് മിനിസ്റ്റർ തന്നെ അറിയിച്ചിട്ടുണ്ട്. 2025 ഒക്ടോബർ മാസത്തിൽ അർജന്റീനയും മെസ്സിയും കേരളത്തിലേക്ക് വരും.
രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ കേരളത്തിൽ കളിക്കും. അതിൽ ഒരു മത്സരം മലപ്പുറത്തായിരിക്കും. മലപ്പുറത്ത് ഫിഫ നിലവാരത്തിലുള്ള ഒരു പുത്തൻ സ്റ്റേഡിയം ഉയരും. ഇതൊക്കെയാണ് കേരള ഗവൺമെന്റും സ്പോർട്സ് മിനിസ്റ്ററും മലയാളി ഫുട്ബോൾ ആരാധകർക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ. കേരള ഫുട്ബോൾ ആരാധകർ വലിയ ആവേശത്തിലാണ്. ദേശീയ തലത്തിൽ തന്നെ ഇത് വാർത്തയായിട്ടുണ്ട്.
ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിനോട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അർജന്റീനയും മെസ്സിയും കേരളത്തിലേക്ക് വരുന്നതുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് എന്താണ് ഗുണം എന്നാണ് ചോദ്യം.അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു. അതായത് ഫിഫയുടെ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം കേരളത്തിൽ ഉയരുമ്പോൾ തങ്ങൾക്ക് അവിടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാമെന്നും അത് താൻ ഇഷ്ടപ്പെടുന്ന ഒന്നാണ് എന്നുമാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്. സിറിയയെ നേരിടുന്നതിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സ്റ്റേഡിയത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, അങ്ങനെ ഫിഫയുടെ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം അവിടെ ഉണ്ടാകണം.അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് അവിടെ വച്ചുകൊണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാമല്ലോ,ഇതായിരുന്നു സ്റ്റിമാച്ച് പറഞ്ഞിരുന്നത്.കേരളത്തിലെ ഫുട്ബോൾ ആരാധകർ വളരെ പ്രശസ്തമാണ്.കേരളത്തിൽ ഇന്ത്യയുടെ മത്സരം വന്നാൽ സ്റ്റേഡിയം നിറഞ്ഞു കവിയും എന്ന കാര്യത്തിൽ സംശയമില്ല.
അങ്ങനെ നിറഞ്ഞ കവിയുന്ന ഒരു സ്റ്റേഡിയത്തിൽ കളിക്കാനാണ് സ്റ്റിമാച്ച് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിന് അർജന്റീന നിമിത്തമാവുകയാണെങ്കിൽ അത് അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. അതായത് അർജന്റീനയും മെസ്സിയും വരുമ്പോൾ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കും എന്നുള്ളത് തന്നെയാണ് ഇതിലെ ഏറ്റവും പോസിറ്റീവായ ഘടകം.