ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച് ഓസ്ട്രേലിയയെ പോലെയുള്ള ഒരു ടീമിനെതിരെ ഇന്ത്യ കാഴ്ച്ചവെച്ച പോരാട്ടവീര്യം പ്രശംസിക്കേണ്ട ഒന്നുതന്നെയാണ്.
ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.വലിയ ഉത്സവമായി കൊണ്ടാണ് ഈ മത്സരത്തെ ആരാധകർ വരവേറ്റത്.ഗ്രൗണ്ടിലെ സപ്പോർട്ട് ഇന്ത്യക്ക് തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ക്രെഡിറ്റ് ഏറ്റവും കൂടുതൽ നൽകേണ്ടത് മഞ്ഞപ്പടയുടെ ഖത്തർ വിങ്ങിനാണ്.അവരുടെ ഏകോപന പ്രവർത്തനങ്ങൾ അതുല്യമായിരുന്നു.നിരവധി ആരാധകരെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു.
ഈ മഞ്ഞപ്പടയെയും കേരളത്തിലെ ഫുട്ബോൾ ആരാധകരെയും പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പാഷൻ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണെന്നും അവരുടെ വലിയ പിന്തുണക്ക് നന്ദി ഉണ്ടെന്നുമാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയെ ഞാൻ അഭിനന്ദിക്കുന്നു. ഇവിടുത്തെ ഞങ്ങളുടെ ആരാധകരുമായി അടുത്ത ബന്ധം ഞങ്ങൾ പുലർത്തുന്നുണ്ട്. കേരളത്തിലെ ഫുട്ബോൾ ആരാധകർ എത്രത്തോളം പാഷനേറ്റാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലും നമ്മൾ അത് കണ്ടതാണ്.വരുന്ന മത്സരത്തിൽ കിക്ക് ഓഫ് ടൈം അവർക്ക് അനുകൂലമാണ്. ആരാധകരോട് അവരുടെ വലിയ പിന്തുണക്ക് ഞാൻ നന്ദി പറയുന്നു,ഇതാണ് ഇന്ത്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ത്യ ഇന്ന് ഇറങ്ങുന്നുണ്ട്.ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.