ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് പരാജയപ്പെട്ടിരുന്നു.അതോടെ ഇന്ത്യയുടെ വേൾഡ് കപ്പ് മോഹങ്ങൾ അവസാനിച്ചിരുന്നു. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ പുറത്താവുകയാണ് ചെയ്തത്.
ഇതിന് പിന്നാലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സുപ്രധാനമായ തീരുമാനമെടുത്തു. പരിശീലകനായ ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യ പുറത്താക്കുകയായിരുന്നു.5 വർഷം പരിശീലകനായി തുടർന്ന് ശേഷമാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യം ഏറെ കാലമായി ആരാധകർ ഉയർത്തുന്നുണ്ട്. ഒടുവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അത് പരിഗണിക്കുകയായിരുന്നു.
പുറത്താക്കിയതിനു ശേഷം ഇന്ന് ആദ്യമായി ഈ പരിശീലകൻ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇന്ത്യൻ ഫുട്ബോളിനെതിരെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെയും വലിയ വിമർശനങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്. ഇന്ത്യൻ ഇതിഹാസമായ ഐഎം വിജയനും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ടെക്നിക്കൽ കമ്മിറ്റി ചെയർമാന് പറ്റിയ ആളല്ല ഐഎം വിജയൻ എന്നാണ് ഇപ്പോൾ സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
“ഐഎം വിജയൻ ഒരു മഹത്തായ ഫുട്ബോളറാണ്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസവുമാണ്. പക്ഷേ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ പറ്റിയ ശരിയായ ആളല്ല അദ്ദേഹം “ഇതാണ് മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഈ സ്ഥാനമാനങ്ങൾ വഹിക്കാൻ ഐഎം വിജയന് കഴിയുന്നില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
ഏതായാലും ഇന്ത്യൻ ദേശീയ ടീമിന് ഒരു പുതിയ പരിശീലകൻ ഇപ്പോൾ ആവശ്യമാണ്.അതിനു വേണ്ടിയുള്ള ആപ്ലിക്കേഷനുകൾ ഇന്ത്യ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ലോകത്തിന് മുന്നിൽ തലകുനിച്ചിരുന്നു.