കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയ സസ്പെൻഷനിലും പിഴയിലും വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയരുന്നത്.സാമൂഹിക മാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. തികച്ചും അന്യായമായ നടപടി തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലനെതിരെ ഉണ്ടായിട്ടുള്ളത്. പ്രതികരിക്കുന്നവരെ അടിച്ചമർത്തുന്നതിന് പകരം പിഴവുകൾ പരിഹരിക്കാൻ AIFF ശ്രമിക്കുന്നില്ല എന്നത് വളരെ വ്യക്തമാണ്.
റഫറിമാരുടെ തെറ്റായ തീരുമാനങ്ങളെ വിമർശിച്ചതിനാണ് വുക്മനോവിച്ചിന് ബാൻ ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പക്ഷപാതിത്വം കാണിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നുണ്ട്. മറ്റു പരിശീലകരും റഫറിമാർക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും നടപടി കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലനെതിരെയും മാത്രമാണ്.ഇക്കാര്യത്തിൽ ഒരു ഇരട്ട നീതി ഇവിടെയുണ്ടെന്ന് പലരും ആരോപിക്കുന്നുണ്ട്.
ഇന്ത്യൻ ഇതിഹാസമായ ഐഎം വിജയൻ ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വിലക്കിൽ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവാരത്തിന് കോട്ടം തട്ടിക്കുമെന്നാണ് ഐഎം വിജയൻ പറഞ്ഞിട്ടുള്ളത്. എത്രയും പെട്ടെന്ന് VAR ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.മലയാളത്തിലെ ഒരു പ്രമുഖ മാധ്യത്തോട് സംസാരിക്കുകയായിരുന്നു ഈ ഇതിഹാസം.
ഇന്ത്യൻ സൂപ്പർ ലീഗിൽ തെറ്റായ തീരുമാനങ്ങളുടെ പേരിൽ ഒരുപാട് പരാതികൾ ഉയരുന്നുണ്ട്.റഫറിമാർക്ക് തെറ്റു പറ്റുന്നത് കളിയുടെ ഭാഗമൊക്കെ തന്നെയാണ്. പക്ഷേ വിദേശ പരിശീലകരും വിദേശ താരങ്ങളും ഒക്കെ പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് ആണിത്. അവിടെ ഇങ്ങനെ നിരന്തരം തെറ്റുകൾ പറ്റുന്നത് ഒരിക്കലും ശരിയല്ല.എത്രയും പെട്ടെന്ന് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഇവിടെ കൊണ്ടുവരേണ്ടതുണ്ട്,ഇതാണ് ഐഎം വിജയൻ പറഞ്ഞിട്ടുള്ളത്.
ഐഎസ്എല്ലിൽ VAR ലൈറ്റ് സമ്പ്രദായം കൊണ്ടുവരുമെന്നുള്ള വാഗ്ദാനങ്ങൾ ഒക്കെ നൽകിയിരുന്നുവെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു. ഏതായാലും ഈ അടുത്തകാലത്തൊന്നും ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരം ഉയരില്ല എന്നത് വ്യക്തമാണ്. കാരണം അത് ഉയർത്താൻ അധികൃതർക്ക് താല്പര്യമില്ല എന്ന് തന്നെയാണ് നമുക്ക് വ്യക്തമാകുന്നത്.