മൂന്നിൽ മൂന്നും, സമ്പൂർണ്ണ പതനം, ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത്!
ഇന്ന് ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ ഗോൾ വഴങ്ങിയത്.ഇതോടെ ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്താക്കുകയും ചെയ്തു.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇന്നത്തെ മത്സരം അതിനിർണ്ണായകമായിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമായിരുന്നു ഇന്ത്യക്ക് എന്തെങ്കിലും സാധ്യതകൾ അവശേഷിക്കുന്നത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും വഴങ്ങാതെ ഇന്ത്യ പിടിച്ചുനിന്നു. എന്നാൽ മത്സരത്തിന്റെ 76ആം മിനുട്ടിൽ ഒമർ ഖിരിബിൻ ഗോൾ നേടുകയായിരുന്നു.ഈ ഗോളിലാണ് സിറിയ വിജയം സ്വന്തമാക്കിയത്.
ഇതോടെ ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായിട്ടുണ്ട്.സമ്പൂർണ്ണ പതനമാണ് ഇന്ത്യക്ക് സംഭവിച്ചിട്ടുള്ളത്.മൂന്നിൽ മൂന്ന് മത്സരങ്ങളും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഒരു ഗോൾ പോലും നേടാനാവാതെ പരിതാപകരമായി കൊണ്ടാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും ഇപ്പോൾ മടങ്ങുന്നത്.
ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്നും ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്. നാല് പോയിന്റുകൾ നേടിയ സിറിയയും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒരു കാര്യം തന്നെയാണ്.