ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ഇന്ത്യൻ ഫുട്ബോൾ എന്ന് നേരത്തെ പറഞ്ഞത് ഫിഫ പ്രസിഡണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഇന്ത്യ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവുകളാണ് ഈ അടുത്ത് കാലത്ത് നടന്ന ടൂർണമെന്റുകളിൽ ഇന്ത്യ ജേതാക്കൾ ആയിരിക്കുന്നത്. മൂന്ന് കിരീടങ്ങളാണ് ഈ സീസണിൽ നീലക്കടുവകൾ നേടിയിട്ടുള്ളത്.
ഇന്നലെ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കുവൈത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. ഒമ്പതാം തവണയാണ് ഇന്ത്യ ഈ ചാമ്പ്യൻഷിപ്പ് നേടുന്നത്. ഒരൊറ്റ തോൽവി പോലും ഇന്ത്യ ഈ ചാമ്പ്യൻഷിപ്പിൽ വഴങ്ങിയിട്ടില്ല എന്നത് മാത്രമല്ല അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒരു തോൽവി പോലും സ്റ്റിമാച്ചിന്റെ സംഘം വഴങ്ങിയിട്ടില്ല.
ഹീറോ ട്രിനാഷൻ ടൂർണമെന്റ് കിരീടവും ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.മ്യാന്മർ,കിർഗിസ്ഥാൻ എന്നിവരായിരുന്നു ഈ ടൂർണമെന്റിൽ ഉണ്ടായിരുന്നത്. ഈ രണ്ട് ടീമുകളെയും പരാജയപ്പെടുത്തി കൊണ്ടാണ് ട്രിനാഷൻ കിരീടം ഇന്ത്യ നേടിയത്.രണ്ടാമത്തെ തവണയാണ് ഈ കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്.
മറ്റൊന്ന് ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് ആണ്.ഇന്ത്യ,ലെബനൻ,വാനോട്ട് എന്നിവരായിരുന്നു ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്. ഈ ടൂർണമെന്റിൽ ആകെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണവും വിജയിച്ചുകൊണ്ട് ഇന്ത്യ കിരീടം നേടുകയായിരുന്നു.ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഇപ്പോൾ നൂറാം സ്ഥാനത്താണ്.ഇനി പുതുക്കുമ്പോൾ അത് ഇനിയും മെച്ചപ്പെടും.
വളരെ മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്.തുടർന്നും അതുണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.എല്ലാ മേഖലയിലും ഇന്ത്യ പുരോഗമിച്ചതായാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുക.