സ്പാനിഷ് ദേശീയ ടീമിന്റെയും എഫ്സി ബാഴ്സലോണയുടെയും എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് ആൻഡ്രസ് ഇനിയേസ്റ്റ.2010 വേൾഡ് കപ്പ് കലാശ പോരാട്ടത്തിൽ വിജയഗോൾ നേടിക്കൊണ്ട് സ്പയിനിന് കിരീടം നേടിക്കൊടുത്തത് ഇനിയേസ്റ്റയാണ്. ഐതിഹാസികമായ ഒരു കരിയർ തന്നെ അദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. ലയണൽ മെസ്സിക്കൊപ്പം ഒരുപാട് കാലം കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഇനിയേസ്റ്റ.
2006 മുതൽ 2018 വരെ സ്പെയിനിന്റെ ദേശീയ ടീമിനുവേണ്ടി ഈ മധ്യനിര താരം 131 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 13 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ബാഴ്സലോണക്ക് വേണ്ടി 2002 മുതൽ 2018 വരെ കളിച്ച ഇദ്ദേഹം 622 മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത്. അതിൽ നിന്ന് 55 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അതിനുശേഷം ബാഴ്സ വിട്ടു കൊണ്ട് ജാപനീസ് ക്ലബായ വിസൽ കോബേയിലേക്ക് ഇദ്ദേഹം പോയി. അവിടെ 135 മത്സരങ്ങൾ കളിച്ച ഇദ്ദേഹം 26 ഗോളുകൾ നേടി. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കരാർ അവസാനിച്ചുകൊണ്ട് അദ്ദേഹം ഫ്രീ ഏജന്റായത്.
ഈ സമയത്ത് ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ഈ സ്പാനിഷ് ഇതിഹാസത്തെ സ്വന്തമാക്കാൻ ശ്രമം നടത്തി.ഫ്രീ ഏജന്റായത് കൊണ്ട് ട്രാൻസ്ഫർ ഫീ നൽകേണ്ടതില്ല, മറിച്ച് സാലറി മാത്രം നോക്കിയാൽ മതി. അങ്ങനെ മോഹൻ ബഗാൻ അധികൃതർ ഇനിയേസ്റ്റയുടെ പ്രതിനിധികളുമായി സംസാരിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിൽ ഇനിയേസ്റ്റക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവരുടെ ആവശ്യം മോഹൻ ബഗാനിനെ ഞെട്ടിച്ചുകളഞ്ഞു.
സാലറിയായി കൊണ്ട് എട്ട് മില്യൻ അമേരിക്കൻ ഡോളറാണ് ഇനിയേസ്റ്റയുടെ പ്രതിനിധികൾ ആവശ്യപ്പെട്ടത്.അതായത് 66 കോടി ഇന്ത്യൻ രൂപ.മോഹൻ ബഗാൻ ഇത്രയും വലിയ തുക പ്രതീക്ഷിച്ചിരുന്നില്ല. ഉടൻതന്നെ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മോഹൻ ബഗാൻ അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇത്രയും വലിയ സാലറി നൽകുക എന്നത് ഇന്ത്യൻ ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള ഇതിഹാസങ്ങൾ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതകളും കുറവാണ്.
പിന്നീട് ഇനിയേസ്റ്റ UAE ക്ലബ്ബായ എമിറേറ്റ്സ് ക്ലബ്ബിലേക്കാണ് പോയത്.യുഎഇയിലെ പ്രൊഫഷണൽ ലീഗിൽ ആകെ 6 മത്സരങ്ങൾ ഇനിയേസ്റ്റ ഈ സീസണൽ കളിച്ചു കഴിഞ്ഞു. രണ്ടു ഗോളുകളും ഒരു അസിസ്റ്റം അദ്ദേഹം നേടി.39 വയസ്സുള്ള ഈ ഇതിഹാസം ഇപ്പോഴും ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.