ഇന്ത്യ ഏറ്റുവാങ്ങിയത് 40 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ നാണക്കേട്,സ്റ്റിമാച്ചിന്റെ കാര്യത്തിലുള്ള മുറവിളി ഉയരുന്നു.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ വീണ്ടും പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ സിറിയ തോൽപ്പിച്ചത്. മത്സരത്തിന്റെ 76 മിനിറ്റിൽ ഖ്രിബിൻ നേടിയ ഗോളാണ് സിറിയക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി സിറിയ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ഇന്ത്യ പുറത്താവുകയും ചെയ്തു.
വളരെ പരിതാപകരമായ പ്രകടനമാണ് ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തെടുത്തത്.മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും സിറിയ എതിരില്ലാത്ത ഒരു ഗോളിനുമാണ് ഇന്ത്യയെ തോൽപ്പിച്ചത്. അതായത് ഒരു പോയിന്റ് പോലും നേടാൻ സാധിക്കാതെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി.ആറ് ഗോളുകൾ ഇന്ത്യ വഴങ്ങി.
ഒരു ഗോൾപോലും ഇന്ത്യയ്ക്ക് ടൂർണമെന്റിൽ നേടാൻ കഴിഞ്ഞിട്ടില്ല. അതായത് കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇന്ത്യ ഏറ്റുവാങ്ങിയ ഏറ്റവും വലിയ നാണക്കേടാണ് ഇത്. ഇതിനു മുൻപ് ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാനാവാത്ത ഇന്ത്യ ടൂർണ്ണമെന്റ് അവസാനിപ്പിച്ചത് 1984 ലാണ്. അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഗോൾ പോലും നേടാൻ സാധിക്കാതെ ടൂർണമെന്റ് അവസാനിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ദേഷ്യത്തിലാണ്.സ്റ്റിമാച്ച് ഇത്രയും കാലം ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി തുടർന്നിട്ടും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാനായില്ല എന്ന ആരോപണങ്ങൾ ഇന്ത്യൻ ആരാധകർക്കിടയിൽ തന്നെ ശക്തമായി ഉയരുന്നുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ മുറവിളി ശക്തമായി കഴിഞ്ഞു. അതായത് സ്റ്റിമാച്ചിനെ പുറത്താക്കണം തന്നെയാണ് ആരാധകരുടെ ആവശ്യം. ഇനിയും അദ്ദേഹത്തിന് സമയം നൽകേണ്ടതില്ല എന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ് സി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസിനെ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ ആക്കണമെന്ന ആവശ്യവും ശക്തമാണ്. വളരെ മികച്ച രൂപത്തിലാണ് ഐഎസ്എല്ലിൽ അദ്ദേഹം മുന്നോട്ടു പോകുന്നത്.ഏതായാലും അധികം വൈകാതെ തന്നെ ഇക്കാര്യങ്ങളിലൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു തീരുമാനം കൈക്കൊണ്ടെക്കും.