ഐഎസ്എല്ലിൽ ഈ സീസണിൽ അഞ്ചു പരിശീലകർ ഇതിനോടകം തന്നെ ക്ലബ്ബ് വിട്ടു,ആശാൻ തലയുയർത്തി നിൽക്കുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിലെ പകുതിയോളം സീസൺ ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേടിക്കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തുന്നത്.മുംബൈ, മോഹൻ ബഗാൻ എന്നിവരെയൊക്കെ തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
എന്നാൽ ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകൾ ഒരല്പം പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ അഞ്ച് പരിശീലകർ ഐഎസ്എൽ ക്ലബ്ബുകളോട് വിടപറഞ്ഞു കഴിഞ്ഞു. മുംബൈ സിറ്റിയുടെ പരിശീലകനായ ഡെസ് ബക്കിങ്ങ്ഹാം നേരത്തെ ക്ലബ്ബ് വിട്ടിരുന്നു. തന്റെ ജന്മനാട്ടിലേക്ക് മടങ്ങാൻ വേണ്ടിയാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്.ഓക്സ്ഫോർഡ് എഫ്സിയുടെ പരിശീലകനാണ് ഇന്ന് അദ്ദേഹം.പീറ്റർ ക്രാറ്റ്കിയാണ് ഇപ്പോൾ മുംബൈ സിറ്റിയെ പരിശീലിപ്പിക്കുന്നത്.
ബംഗളൂരു എഫ്സിയുടെ പരിശീലകനായ സിമോൺ ഗ്രേയ്സണ് തന്റെ പരിശീലക സ്ഥാനം നഷ്ടമാവുകയാണ് ചെയ്തത്. ഏഴുമത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് ബംഗളൂരു എഫ്സിക്ക് നേടാൻ സാധിച്ചിരുന്നത്. ഇതോടെ ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കി. ജംഷെഡ്പൂർ എഫ്സിയുടെ പരിശീലകനായ സ്കോട്ട് കൂപ്പർക്കും പരിശീലക സ്ഥാനം നഷ്ടമായിരുന്നു. പ്രധാനമായും മോശം പ്രകടനത്തെ തുടർന്ന് തന്നെയായിരുന്നു സ്ഥാനം നഷ്ടമായത്.മാത്രമല്ല ക്ലബ്ബിനകത്ത് ചില ആഭ്യന്തര പ്രശ്നങ്ങളും ഉണ്ടായിരുന്നു.
ഹൈദരാബാദ് എഫ്സിയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് അവരുടെ പരിശീലകനായ കോണോർ നെസ്റ്റർ ക്ലബ്ബ് വിട്ടത്.വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഹൈദരാബാദ് എഫ്സി പോയിക്കൊണ്ടിരിക്കുന്നത്. ഒടുവിൽ മോഹൻ ബഗാൻ അവരുടെ പരിശീലകനായ യുവാൻ ഫെറാണ്ടോയെ പുറത്താക്കി. തുടർച്ചയായ തോൽവികൾ വഴങ്ങേണ്ടി വന്നതോടുകൂടിയാണ് അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമായത്.ഇങ്ങനെ ഐഎസ്എൽ ക്ലബ്ബുകൾ ഒരു പ്രതിസന്ധി നേരിടുന്ന സമയമാണ്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച്. കഴിഞ്ഞ സീസണൽ 10 മത്സരങ്ങളിൽ വിലക്ക് ലഭിച്ചിട്ടും ക്ലബ്ബ് അദ്ദേഹത്തോടൊപ്പം നിന്നു.ആരാധകരും അദ്ദേഹത്തോടൊപ്പം നിലകൊള്ളുകയായിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു പരിശീലകർക്കൊന്നും ലഭിക്കാത്ത വിധമുള്ള ആരാധക പിന്തുണയും സ്നേഹവും ഇവാൻ വുക്മനോവിച്ചിന് ലഭിക്കുന്നുണ്ട്. ടീമിന്റെ മികച്ച റിസൾട്ട് ആരാധകരെ സംതൃപ്തരാക്കുന്നു.