ഐഎസ്എൽ എന്ന് തുടങ്ങും? ഒഫീഷ്യൽ തീയതി പുറത്തുവന്നു!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിന് വേണ്ടിയാണ് എല്ലാ ആരാധകരും ഇപ്പോൾ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഐഎസ്എൽ കപ്പ് സ്വന്തമാക്കിയത് മുംബൈ സിറ്റിയാണ്. ഫൈനലിൽ മോഹൻ ബഗാനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്. അതേസമയം ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു.
നിലവിൽ ഇന്ത്യയിൽ ഡ്യൂറൻഡ് കപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.അതിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു.ഡ്യൂറന്റ് കപ്പ് അവസാനിച്ചാൽ ഉടൻതന്നെ പുതിയ ഐഎസ്എൽ സീസൺ ആരംഭിക്കും. അക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഇത്തവണ ഐഎസ്എൽ ആരംഭിക്കുന്നത്.
എന്നാൽ ഫിക്സ്ച്ചർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉദ്ഘാടന മത്സരത്തിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടും എന്നുള്ളത് വ്യക്തമല്ല. കൊൽക്കത്തയിൽ വച്ചുകൊണ്ട് നടക്കാനാണ് സാധ്യതയുള്ളത്.സ്പോർട്സ് 18ലും ജിയോ സിനിമയിലുമാണ് നമുക്ക് ഐഎസ്എൽ കാണാൻ സാധിക്കുക. പുതുതായി പ്രമോഷൻ നേടിയ മുഹമ്മദൻ എസ്സി ഇത്തവണ ലീഗിൽ ഉണ്ടാകും. അതേസമയം ഹൈദരാബാദിന്റെ കാര്യത്തിൽ ഉടൻതന്നെ അന്തിമ തീരുമാനം എടുത്തേക്കും.
ഓഗസ്റ്റ് പതിനഞ്ചാം തീയതി വരെ അവർക്ക് സമയം നൽകിയിട്ടുണ്ട്. അതിനുള്ളിൽ ക്ലബ്ബിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കാൻ അവർക്ക് സാധിക്കില്ല. അങ്ങനെയാണെങ്കിൽ ഹൈദരാബാദ് ഇല്ലാത്ത ഒരു ഐഎസ്എൽ ആയിരിക്കും ഇത്തവണ ഉണ്ടാവുക. ഏതായാലും പതിവുപോലെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഏറെ പ്രതീക്ഷകളുണ്ട്.മികയേൽ സ്റ്റാറെക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.