കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ എതിർപ്പുകൾ ഉള്ളത്.ആരാധകർ ആഗ്രഹിച്ച പോലെ മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ഡയറക്ടർ സ്കിൻകിസിനു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
സഹൽ,ജീക്സൺ തുടങ്ങിയ ഒരുപാട് മികച്ച ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്സ് വിറ്റൊഴിവാക്കിയിരുന്നു.എന്നാൽ അതിന് സമാനമായ താരങ്ങളെ കൊണ്ടുവരാൻ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു.എന്നാൽ ഇതിനെല്ലാം ഒരു വിശദീകരണം ഡയറക്ടർ നൽകിയിട്ടുണ്ട്.ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി അമിതമായി പണം ചിലവഴിക്കുന്നത് ഒരിക്കലും ക്ലബ്ബിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്നായിരുന്നു ഇദ്ദേഹം നൽകിയ വിശദീകരണം.
മാത്രമല്ല വേണ്ടത്ര ഡൊമസ്റ്റിക് സൈനിങ്ങുകൾ ഇല്ലാത്തതിന്റെ മറ്റൊരു കാരണം കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടുതൽ മികച്ച താരങ്ങളെ നമ്മൾ അക്കാദമിയിലൂടെ ഉൽപ്പാദിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ പുറത്തുനിന്ന് ഒരുപാട് താരങ്ങളെ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.സ്കിൻകിസിന്റെ വാക്കുകൾ ഇപ്രകാരമാണ്.
” ഡൊമസ്റ്റിക് താരങ്ങളുടെ ട്രാൻസ്ഫർ പോളിസിയിൽ ഞങ്ങൾക്ക് കൃത്യമായ പ്ലാനുകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ അക്കാദമിയിലൂടെ വളർന്നുവരുന്ന യുവതാരങ്ങളുടെ കാര്യത്തിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. സീനിയർ ടീമിലേക്ക് അവർ എത്താൻ കാരണം അവർ മികച്ച താരങ്ങളായതുകൊണ്ടാണ്. അവർക്ക് അവസരങ്ങൾ നൽകിയിട്ടില്ലെങ്കിൽ അത് ഒരു തെറ്റ് ചെയ്യുന്നതിന് സമമാണ്.ഐമനും അസ്ഹറും സച്ചിനും സഹീഫുമെല്ലാം വലിയ ഭാവിയുള്ള താരങ്ങളാണ്. അതുകൊണ്ടാണ് ഇന്ത്യൻ റിക്രൂട്ട്മെന്റ് കാര്യത്തിൽ ഞങ്ങൾ ആക്ടീവ് ആവാതിരുന്നത്. കാരണം മികച്ച താരങ്ങൾ നമ്മോടൊപ്പം തന്നെയുണ്ട് ‘ഇതാണ് സ്പോർട്ടിങ് ഡയറക്ടർ നൽകുന്ന വിശദീകരണം.
ഇങ്ങനെയൊക്കെ ന്യായീകരണങ്ങൾ നികത്താണെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് വളരെ ദുർബലമാണ് എന്ന് പറയാതിരിക്കാൻ വയ്യ. നിലവിലെ താരങ്ങൾ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണയും നിരാശ തന്നെയായിരിക്കും ഫലം.