ഇന്ത്യക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം, സംഭവിക്കേണ്ടത് ഈ റിസൾട്ടുകൾ, സാധിച്ചെടുക്കാനാവുമോ ഇന്ത്യക്ക്?
ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. പക്ഷേ പ്രായോഗികമായി ഇപ്പോഴും ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായിട്ടില്ല.നേരിയ സാധ്യത ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
ആ സാധ്യത എങ്ങനെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യയുടെ അടുത്ത മത്സരം സിറിയക്കെതിരെയാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കൽ ഇന്ത്യക്ക് നിർബന്ധമാണ്. ഈ മത്സരത്തിൽ സമനില വഴങ്ങുകയോ പരാജയം രുചിക്കേണ്ടി വരികയോ ചെയ്താൽ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്താകും.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് പുറമേ ഏറ്റവും മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് കൂടി ഏഷ്യൻ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കും.ആ സാധ്യതയാണ് ഇവിടെ ഇന്ത്യ ഉപയോഗപ്പെടുത്തേണ്ടത്.അതിന് ആദ്യം സിറിയയെ പരാജയപ്പെടുത്തണം. അതിനുശേഷം വേണ്ടത് ചൈന ഖത്തറിനോട് പരാജയപ്പെടണം. മാത്രമല്ല തജിക്കിസ്ഥാനും ലെബനനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഒരു റിസൾട്ട് ഉണ്ടാവുകയും വേണം. അതായത് സമനില പാടില്ല.
മാത്രമല്ല ഹോങ്കോങ്ങും ഫലസ്തീനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ സമനില പിറക്കണം. ഇൻഡോനേഷ്യയും വിയറ്റ്നാമും അവരവരുടെ മത്സരങ്ങളിൽ പരാജയപ്പെടണം. ബഹ്റൈൻ,മലേഷ്യ എന്നിവരും തോൽക്കണം. ഒമാനും കിർഗിസ്ഥാനും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയും വേണം.
ഇങ്ങനെയൊക്കെ സംഭവിച്ചാൽ മാത്രമാണ് ഇന്ത്യക്ക് ഏഷ്യൻ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കുക. ഇന്ത്യ ആദ്യം ചെയ്യേണ്ട കാര്യം നാളത്തെ മത്സരത്തിൽ വിജയിക്കുക എന്നുള്ളതാണ്. എന്നിട്ട് ബാക്കിയുള്ള മത്സരഫലങ്ങൾക്ക് വേണ്ടി കാത്തിരിക്കുക.