കേരള ബ്ലാസ്റ്റേഴ്സ് വളരെ സുപ്രധാനമായ ഒരു മത്സരത്തിനു വേണ്ടിയാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളെ നേരിടാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 23 ആം തീയതി രാത്രി ഏഴുമണിക്ക് കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനുള്ള സമയം തയ്യാറെടുപ്പിനായി ഇത്തവണ ലഭിച്ചിട്ടുണ്ട്. കാരണം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കഴിഞ്ഞതിനുശേഷം ഒരു വലിയ ഇടവേള തന്നെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പക്ഷേ ബംഗളൂരു എഫ്സി കരുത്തരാണ്. കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ചുകൊണ്ടാണ് അവർ കടന്നുവരുന്നത്.അവരെ പരാജയപ്പെടുത്തണമെങ്കിൽ ഏറ്റവും മികച്ച പ്രകടനം സ്റ്റാറെയുടെ ശിഷ്യർ പുറത്തെടുക്കേണ്ടതുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിലെ പരിക്കുകളുമായി ബന്ധപ്പെട്ടുകൊണ്ട് ചില അപ്ഡേറ്റുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. തായ്‌ലാൻഡിലെ പ്രീ സീസണിനിടയിലായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റത്. അതുകൊണ്ടുതന്നെ അദ്ദേഹം നേരത്തെ കൊൽക്കത്തയിലേക്ക് എത്തുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്.ട്രെയിനിങ് നേരത്തെ ആരംഭിച്ചിരുന്നു.ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല. നിലവിലെ വിന്നിംഗ് ഇലവൻ മാറ്റാൻ പരിശീലകൻ തയ്യാറായേക്കില്ല.
മറ്റൊരു താരം വിബിൻ മോഹനനാണ്. തായ്‌ലാൻഡിൽ വെച്ചുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിനും പരിക്കേറ്റത്.അതുകൊണ്ടുതന്നെ ഡ്യൂറന്റ് കപ്പിലെ മത്സരങ്ങൾ താരം കളിച്ചിരുന്നില്ല. എന്നാൽ താരവും ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.പക്ഷേ അടുത്ത മത്സരത്തിൽ കളിക്കാനുള്ള സാധ്യതകൾ കുറവാണ്. അതുപോലെതന്നെ മുന്നേറ്റ നിര താരമായ ഇഷാൻ പണ്ഡിറ്റയും പരിക്കിന്റെ പിടിയിലാണ്.എന്നാൽ ആശങ്കപ്പെടേണ്ടതില്ല, അദ്ദേഹം വളരെ വേഗത്തിൽ റിക്കവർ ആകുന്നുണ്ട് എന്നുള്ള കാര്യം മെർഗുലാവോ അറിയിച്ചിട്ടുണ്ട്.
പ്രബീർ ദാസ് ഇപ്പോൾ ടീമിനോടൊപ്പം ഉണ്ട്.അദ്ദേഹത്തെ ഡ്യൂറന്റ് കപ്പിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.അങ്ങനെ നിലവിൽ ആശങ്കകൾ ഒന്നുമില്ല.എല്ലാം നല്ല രൂപത്തിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. സൂപ്പർ താരങ്ങളെ എല്ലാം പരിശീലകന് ലഭ്യമാണ്.കോയെഫ് ബംഗളൂരുവിനെതിരെ കളിച്ചേക്കും എന്നുള്ള സൂചനകൾ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യവുമാണ്.