ബ്ലാസ്റ്റേഴ്സിന് ഇന്ന് കളിയുണ്ട്, സൂപ്പർതാരത്തെ നഷ്ടമായി എതിരാളികൾ!
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് പുറത്തായത്. ബംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.പുറത്തായെങ്കിലും കൊൽക്കത്തയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് തുടർന്നിരുന്നത്.കൊൽക്കത്തയിൽ വെച്ചുകൊണ്ട് സൗഹൃദ മത്സരം കളിക്കാൻ ക്ലബ്ബ് തീരുമാനിച്ചിരുന്നു.
ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്. ഇന്ന് വൈകിട്ട് 5:30നാണ് ഈ സൗഹൃദ മത്സരം നടക്കുക.പുതുതായി ഐഎസ്എല്ലിലേക്ക് പ്രമോഷൻ നേടി വന്ന ടീമാണ് മുഹമ്മദൻ എസ്സി.കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് ഇവരായിരുന്നു.
സൂപ്പർ ലീഗ് കേരളയുടെ ഇലവനുമായി പയ്യനാട് വെച്ചുകൊണ്ട് ഒരു സൗഹൃദ മത്സരം ഈ കൊൽക്കത്തൻ ക്ലബ്ബ് കളിച്ചിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനോടും അവർ കളിക്കാൻ ഒരുങ്ങുന്നത്.എന്നാൽ കനത്ത തിരിച്ചടി അവർക്ക് സംഭവിച്ചിട്ടുണ്ട്. അവരുടെ സുപ്രധാന താരമായ അബ്ദുൽ ഖാദിരിക്ക് പരിക്ക് ഏറ്റിട്ടുണ്ട്.
ACL ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പരിക്ക് ഗുരുതരമാണ്.ഈ സീസൺ മുഴുവനും അദ്ദേഹത്തിന് നഷ്ടമായേക്കാം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അദ്ദേഹം ഉണ്ടാവില്ല. ഐഎസ്എല്ലിൽ അദ്ദേഹം ഉണ്ടാവില്ല എന്നത് മുഹമ്മദൻ എസ്സിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
ഇന്നത്തെ മത്സരം കഴിഞ്ഞ് നാളെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തിരിച്ചെത്തുക.സ്‌ക്വാഡ് പ്രഖ്യാപനവും നാളെ തന്നെയാണ് നടക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സി ആണ്. കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്.