രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി ബാഴ്സലോണയുടെ ഗുഡ്ബൈ പറഞ്ഞുകൊണ്ട് പാരീസിലേക്ക് പോയത്. പക്ഷേ അവിടെ അഡാപ്റ്റാവാൻ മെസ്സി വളരെയധികം ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് ഈ രണ്ട് വർഷക്കാലയളവിനുള്ളിൽ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തികച്ചും വ്യത്യസ്തമാണ് ഇന്റർ മയാമിയിലെ അവസ്ഥ. വളരെ പെട്ടെന്ന് മെസ്സിയും കുടുംബവും അഡാപ്റ്റായിട്ടുണ്ട്.
മാത്രമല്ല മെസ്സി അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. 9 ഗോളുകളും ഒരു അസിസ്റ്റും ഇപ്പോൾ തന്നെ ക്ലബ്ബിന് വേണ്ടി അദ്ദേഹം നേടി കഴിഞ്ഞു. മയാമിയിൽ കാര്യങ്ങൾ കരുതിയതിനേക്കാൾ എളുപ്പമായി എന്നത് മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്. തന്റെയും കുടുംബത്തിന്റെയും അഡാപ്റ്റേഷൻ വളരെ വേഗത്തിൽ നടക്കുന്നുവെന്നാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.
ഈ നഗരത്തിലെ ആളുകളും ക്ലബ്ബുകളും ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി തരുന്നു.ഇതൊരു മനോഹരമായ നഗരമാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ ഹാപ്പിയായി ജീവിക്കുകയാണ്. ഞാനും എന്റെ കുടുംബവും ഇപ്പോഴും ഉള്ളത് അഡാപ്റ്റേഷൻ പിരീയഡിലാണ്, പക്ഷേ ഞാൻ കരുതിയതിനെക്കാൾ ഇവിടെ കാര്യങ്ങൾ എളുപ്പമാണ്,ലിയോ മെസ്സി പറഞ്ഞു.
മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.നാഷ് വില്ലെയാണ് ഇന്റർ മയാമിയുടെ ഫൈനലിലെ എതിരാളികൾ. ഇതുവരെ ചരിത്രത്തിൽ ഒരു കിരീടം പോലും ഈ ക്ലബ്ബിന് നേടാൻ കഴിഞ്ഞിട്ടില്ല.ഈ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞാൽ അത് ചരിത്രമായി മാറും.