മെസ്സിക്കും സുവാരസിനും ഭ്രാന്തിളകി..ഇന്റർമയാമിയോട് പൊട്ടിത്തകർന്ന് ന്യൂയോർക്ക് റെഡ് ബുൾസ്!
എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ന്യൂയോർക്ക് റെഡ് ബുൾസിനെ ഇന്റർമയാമി തകർത്ത് തരിപ്പണമാക്കുകയായിരുന്നു.സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് ഇന്റർമയാമിക്ക് വേണ്ടി സംഹാര താണ്ഡവമായിട്ടുള്ളത്. മയാമി നേടിയ ആറ് ഗോളിലും ലയണൽ മെസ്സിയുടെ സാന്നിധ്യമുണ്ട്.
ഒരു ഗോളും 5 അസിസ്റ്റുമാണ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം സുവാരസ് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ രണ്ട് താരങ്ങളാണ് അത്ഭുതകരമായ ഒരു വിജയം ഇന്റർമയാമിക്ക് സമ്മാനിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനക്കാരായ ന്യൂയൊർക്കിനെ തരിപ്പണമാക്കിക്കൊണ്ട് ഇന്റർമയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് ഇന്റർമയാമിക്ക് ഉള്ളത്.
മത്സരത്തിന്റെ മുപ്പതാമത്തെ മിനിറ്റിൽ വാൻസെയ്ർ ന്യൂയോർക്കിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.പക്ഷേ അവർ സ്വപ്നം പോലും കാണാത്ത രൂപത്തിലുള്ള ഒരു തിരിച്ചുവരവാണ് ഇന്റർമയാമി പിന്നീട് നടത്തിയത്.49ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് റോഹാസ് ഗോൾ കണ്ടെത്തി.51ആം മിനുട്ടിൽ ഇന്റർമയാമി ലീഡ് എടുത്തു. സുവാരസിന്റെ അസിസ്റ്റിൽ നിന്ന് മെസ്സിയാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.വീണ്ടും ഗോളുകൾ മഴ പോലെ പെയ്തു.
62ആം മിനുട്ടിൽ റോഹാസ് വീണ്ടും ഗോൾ കണ്ടെത്തി.അതിനും അസിസ്റ്റ് നൽകിയത് മെസ്സി തന്നെയാണ്.69ആം മിനുട്ടിൽ സുവാരസ് വല കുലുക്കി.മെസ്സിയുടെ പാസിൽ നിന്നാണ് സുവാരസ് ഗോൾ നേടിയത്.75ആം മിനുട്ടിലും 85ആം മിനുട്ടിലും ഗോളുകൾ നേടിക്കൊണ്ട് സുവാരസ് ഹാട്രിക്ക് പൂർത്തിയാക്കി. ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് മെസ്സി തന്നെയാണ്.അതായത് 5 അസിസ്റ്റുകളും ഒരു ഗോളും നേടി കൊണ്ട് മെസ്സി എല്ലാ ഗോളുകളിലും നിറഞ്ഞ് നിന്നു. ഏറ്റവും അവസാനത്തിൽ ഒരു ഗോൾ കൂടി എതിരാളികൾ മടക്കി.
നിലവിൽ ഏഴ് അമേരിക്കൻ ലീഗ് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽനിന്ന് 10 ഗോളുകളും 9 അസിസ്റ്റുകളും നേടിക്കൊണ്ട് മെസ്സി 19 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു. 10 ലീഗ് മത്സരങ്ങൾ കളിച്ച സുവാരസ് 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.