അമേരിക്കൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഓർലാന്റോ സിറ്റിയെ ഇന്റർ മയാമി പരാജയപ്പെടുത്തിയിട്ടുള്ളത്.സമീപകാലത്ത് ഇത്രയും വലിയ വിജയം മയാമി സ്വന്തമാക്കുന്നത് ആദ്യമായാണ്. ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് എതിരാളികളെ തകർത്തുവിട്ടത്.
ലയണൽ മെസ്സി മത്സരത്തിൽ 2 ഗോളുകളാണ് നേടിയത്. എന്നാൽ സുവാരസിന്റെ സംഹാര താണ്ഡവമായിരുന്നു മത്സരം.രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം കരസ്ഥമാക്കി. മത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ തന്നെ സുവാരസ് മയാമിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.ഗ്രസലിന്റെ ക്രോസ് ഒരു ഷോട്ടിലൂടെ സുവാരസ് വലയിൽ എത്തിച്ചു.
പതിനൊന്നാം മിനിറ്റിൽ വീണ്ടും അത് തന്നെ ആവർത്തിച്ചു.ഗ്രസലിന്റെ അസിസ്റ്റിൽ നിന്ന് സുവാരസ് ഗോൾ കണ്ടെത്തി. പിന്നീട് 29 മിനിട്ടിൽ റോബർട്ട് ടൈലർ ഇപ്പോൾ കണ്ടെത്തിയതോടെ മയാമി ആധിപത്യം ഉറപ്പിച്ചു.സുവാരസ് തന്നെയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. അതിനുശേഷം 57 മിനിറ്റിൽ മെസ്സിയുടെ ഗോൾ വരുന്നു.ബോക്സിനകത്ത് ഉണ്ടായിരുന്ന മെസ്സി അവസരം മുതലെടുക്കുകയായിരുന്നു.
പിന്നീട് 62ആം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. സുവാരസിന്റെ ക്രോസ് ഒരു ഹെഡ്ഡറിലൂടെ ലയണൽ മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.ഇതോടെ 5 ഗോളുകളുടെ വിജയം ഇന്റർ മയാമി നേടിക്കഴിഞ്ഞു.3 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്റർ മയാമി രണ്ട് വിജയങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു.7 പോയിന്റോടെ ഒന്നാമത്തെ സ്ഥാനത്ത് തുടരുന്നത് ഇന്റർ മയാമിയാണ്.
ഇനി അടുത്ത മത്സരം ചാമ്പ്യൻസ് കപ്പിൽ നാഷ്വില്ലെക്കെതിരെയാണ് ഇന്റർ മയാമി കളിക്കുക. അവർ കൂടുതൽ കരുത്തരാണ്. എന്നിരുന്നാലും മെസ്സിയും സംഘവും വിജയം നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.