യൂറോപ്പിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഓഫർ വന്നു,ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കൊണ്ട് അത് നിരസിച്ച് ഇഷാൻ പണ്ഡിത.
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മികച്ച താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ വന്ന താരങ്ങളിൽ ഒരാളാണ് ഇഷാൻ പണ്ഡിത. ഇന്ത്യൻ സ്ട്രൈക്കറായ ഇദ്ദേഹം ഫ്രീ ഏജന്റായിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ താരത്തെ കൺവിൻസ് ചെയ്തുകൊണ്ട് ക്ലബ്ബിലേക്ക് കൊണ്ടുവരികയായിരുന്നു.
പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ ഈ സീസണിലെ ആദ്യ കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.എന്നാൽ പിന്നീട് അദ്ദേഹം മടങ്ങിയെത്തി.എന്നാൽ പകരക്കാരന്റെ റോളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അടുത്ത മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നുള്ള സൂചനകൾ ഒക്കെ തന്നെയും പുറത്തേക്ക് വന്നിട്ടുണ്ട്.പെപ്ര താളം കണ്ടെത്താൻ വിഷമിക്കുന്ന ഈ അവസരത്തിൽ പണ്ഡിത അവസരത്തിനൊത്ത് ഉയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ഇഷാൻ പണ്ഡിതയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രമുഖ ഫുട്ബോൾ പത്രപ്രവർത്തകനായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് പുതിയ ഇന്ത്യൻ ക്ലബ്ബായ ഇന്റർ കാശി ഇഷാൻ പണ്ഡിതക്ക് കണ്ണഞ്ചിപ്പിക്കുന്ന ഒരു ഓഫർ നൽകിയിരുന്നു.കാശിക്ക് വേണ്ടി മിന്നിത്തിളങ്ങിയാൽ യൂറോപ്പിൽ കളിക്കാം എന്നായിരുന്നു അവരുടെ വാഗ്ദാനം. പക്ഷേ ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൊണ്ട് ഓഫർ നിരസിച്ച് ഇഷാൻ കേരള ബ്ലാസ്റ്റേഴ്സിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്റർ കാശിക്ക് വേണ്ടി ഐ ലീഗിൽ 12 ഗോൾ നേടിക്കഴിഞ്ഞാൽ അദ്ദേഹത്തിന് യൂറോപ്പ്യൻ ക്ലബ്ബായ ഇന്റർ ക്ലബ്ബ് ഡി എസ്കാൽഡസിൽ കളിക്കാം എന്നായിരുന്നു വാഗ്ദാനം. യൂറോപ്പ്യൻ രാജ്യമായ അണ്ഡോറയിലെ ക്ലബാണ് ഇത്. ഐ ലീഗിൽ 12 ഗോളുകൾ നേടുക എന്നത് ഇഷാൻ പണ്ഡിതയെപ്പോലെ ഒരു സ്ട്രൈക്കർക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. ചുരുക്കത്തിൽ യൂറോപ്പിൽ കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ചുകൊണ്ടാണ് ഇഷാൻ കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
അദ്ദേഹം അർഹിക്കുന്ന രൂപത്തിലുള്ള അവസരങ്ങൾ നൽകുക എന്നതാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് ചെയ്യാനുള്ളത്. ഈ സീസണിൽ മികച്ച ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അത് നിലനിർത്തി കൊണ്ടു പോകേണ്ടതുണ്ട്. ഗോളുകളും അസിസ്റ്റുകളും നേടാത്ത പെപ്രക്ക് പകരം ഇഷാൻ പണ്ഡിതയെ ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന് തന്നെയാണ് ഭൂരിഭാഗം വരുന്ന ആരാധകരുടെയും അഭിപ്രായം.