മൂല്യം കൂടിയ മധ്യനിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് ക്യാപ്റ്റൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടത്. എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ നിഴലിച്ചു കണ്ട അഭാവം അഡ്രിയാൻ ലൂണയുടേത് തന്നെയായിരുന്നു. അദ്ദേഹം ഇല്ലാത്തതിന്റെ കുറവ് ശരിക്കും ആ മത്സരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.
പനി കാരണമായിരുന്നു അദ്ദേഹത്തിന് ആദ്യ മത്സരം നഷ്ടമായിരുന്നത്.എന്നാൽ അടുത്ത മത്സരത്തിന് അദ്ദേഹം ഉണ്ടാകും എന്നുള്ള കാര്യം പരിശീലകൻ സ്റ്റാറേ സ്ഥിരീകരിച്ചിരുന്നു.അടുത്ത മത്സരം ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ആ മത്സരത്തിൽ നമുക്ക് ലൂണയെ കാണാൻ കഴിയും.അദ്ദേഹത്തിന്റെ വരവ് ശക്തിപകരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ ഐഎസ്എൽസിലെ ഏറ്റവും മൂല്യം കൂടിയ മധ്യനിര താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് അഡ്രിയാൻ ലൂണയായിരുന്നു. 10 പേരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ള ഏക ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയാണ്. രണ്ടാം സ്ഥാനമാണ് നമ്മുടെ ക്യാപ്റ്റൻ സ്വന്തമാക്കിയിട്ടുള്ളത്. 32 വയസ്സുള്ള ഈ താരത്തിന്റെ മൂല്യം 6.4 കോടി രൂപയാണ്.മോഹൻ ബഗാന്റെ പെട്രറ്റോസ് മാത്രമാണ് അദ്ദേഹത്തിന്റെ മുകളിലുള്ളത്.
അദ്ദേഹത്തിന്റെ മൂല്യം വരുന്നത് 7.2 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് മുംബൈ സിറ്റിയുടെ ജോൺ ടോറലാണ് വരുന്നത്. 5.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യൂ. നാലാം സ്ഥാനത്ത് ഹ്യൂഗോ ബോമസും അഞ്ചാം സ്ഥാനത്ത് തലാലും വരുന്നു.
ഏതായാലും മധ്യനിരയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് കളി പിടിക്കണമെങ്കിൽ അഡ്രിയാൻ ലൂണ നിർബന്ധമാണ്. കഴിഞ്ഞ സീസണിൽ താരത്തിന് പരിക്കേറ്റ് പുറത്ത് പോയതോടുകൂടിയാണ് കാര്യങ്ങൾ വഷളായത്.ഏതായാലും ഇത്തവണ കൂടുതൽ മികവുറ്റ പ്രകടനം അദ്ദേഹത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.