കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുലാവോ ഇന്നലെ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഒരു പുതിയ പരിശീലകനെ നിയമിക്കില്ല എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.തോമസും പുരുഷോത്തമനും ചേർന്നു കൊണ്ടാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോവുക. അതേസമയം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ നടത്തുമെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
കൂടാതെ മറ്റു പല അപ്ഡേറ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്. അത് ഓരോന്നായി നമുക്ക് പരിശോധിക്കാം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പുറത്തുപോകും എന്ന കാര്യം മെർഗുലാവോ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ആരൊക്കെയാണ് ആ താരങ്ങൾ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇനി അദ്ദേഹത്തോട് ചോദിക്കപ്പെട്ട മറ്റൊരു ചോദ്യം കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ഇലവൻ പ്ലെയേഴ്സിന് വേണ്ടി ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു. അതെ എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. അതായത് ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കാൻ പറ്റിയ താരങ്ങൾക്ക് വേണ്ടിയും ശ്രമിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
മറ്റൊരു ചോദ്യം ബ്ലാസ്റ്റേഴ്സ് താരമായ അമാവിയയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ മുഹമ്മദൻ എസ്സി ശ്രമിക്കുന്നുണ്ട്, അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടേക്കും എന്നകാര്യം കൊൽക്കത്തൻ മാധ്യമപ്രവർത്തകനായ സോഹൻ പോഡർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലെ നിജസ്ഥിതി എന്താണ് എന്നാണ് അദ്ദേഹത്തോട് ചോദിച്ചിരുന്നത്. എന്നാൽ തന്റെ അറിവിൽ അമാവിയ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയില്ല എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്. ഇത് തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
കൂടാതെ മറ്റു അപ്ഡേറ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്. ഐഎസ്എല്ലിൽ ഗംഭീര പ്രകടനം നടത്തുന്ന അജാറെ നോർത്ത് ഈസ്റ്റ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോകുമോ എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.അജാറെ നോർത്ത് ഈസ്റ്റിൽ തന്നെ തുടരും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ ആശ്ലി കോഫി എന്ന ഇംഗ്ലീഷ് താരം ഈസ്റ്റ് ബംഗാളിലേക്ക് വരുന്നു എന്ന റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ റൂമറുകളിലും സത്യമില്ല എന്ന കാര്യം മാർക്കസ് മെർഗുലാവോ അറിയിച്ചിട്ടുണ്ട്. ഇത്രയും അപ്ഡേറ്റുകളാണ് കഴിഞ്ഞ ദിവസം മാർക്കസ് നൽകിയിട്ടുള്ളത്.