വുക്മനോവിച്ചിന് ഓഫർ നൽകി ഈസ്റ്റ് ബംഗാൾ, സംഭവിച്ചത് എന്ത്?
ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായ കാർലെസ് ക്വാഡ്രറ്റിന് തൽസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. വളരെ മോശം തുടക്കമാണ് ഈ സീസണിൽ അദ്ദേഹത്തിന് കീഴിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ചിരുന്നത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. ഇതോടുകൂടി അദ്ദേഹത്തെ പുറത്താക്കാൻ ആരാധകർ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെയാണ് ഈസ്റ്റ് ബംഗാൾ പരിശീലക സ്ഥാനത്തു നിന്നും കാർലെസ് പടിയിറങ്ങിയത്.മലയാളിയായ ബിനോ ജോർജ് ആണ് അവരുടെ താൽക്കാലിക പരിശീലകനായി കൊണ്ട് ചുമതല ഏറ്റിട്ടുള്ളത്.നിലവിൽ ഒരു മുഖ്യ പരിശീലകനെ അവർക്ക് ആവശ്യമുണ്ട്. ഒരുപാട് പരിശീലകരെ അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
അതിലൊന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെയാണ്.ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന് ഓഫർ നൽകി എന്നാണ് ഫീൽഡ് വിഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ അത് ഫലം കണ്ടിട്ടില്ല.വുക്മനോവിച്ച് ഈ കൊൽക്കത്തൻ ക്ലബ്ബിന്റെ ക്ഷണം നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനാവാൻ താല്പര്യമില്ല.
വുക്മനോവിച്ച് ഓഫർ നിരസിച്ച കാര്യത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.കാരണം കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്ന സമയത്ത് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിനെ അല്ലാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന് നിലപാട്. എന്നാൽ അതേ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പുറത്താക്കിയത് കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിനെ അദ്ദേഹം തിരഞ്ഞെടുക്കുമോ എന്ന് സംശയങ്ങൾ നിലനിന്നിരുന്നു. നിലവിൽ അദ്ദേഹത്തിന് അത്തരത്തിലുള്ള പ്ലാനുകൾ ഒന്നുമില്ല.ഭാവിയിൽ അത് സംഭവിക്കുമോ എന്നറിയില്ല.
ഹബാസ്,റോക്ക തുടങ്ങിയ പരിശീലകർക്ക് വേണ്ടി ഈസ്റ്റ് ബംഗാൾ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.ഏതായാലും മികച്ച ഒരു പരിശീലകനെ തന്നെയായിരിക്കും അവർ കൊണ്ടുവരിക. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും അതിന് അനുസരിച്ചുള്ള ഒരു പ്രകടനം ഈസ്റ്റ് ബംഗാളിൽ നിന്നും വന്നിട്ടില്ല.അതുകൊണ്ടുതന്നെയാണ് ആരാധകർ ഇത്രയധികം രോഷാകുലരാവുന്നത്.