എന്നെ മലയാള സിനിമയിൽ കാണാം :വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ് ഇവാൻ വുക്മനോവിച്ച്. മൂന്ന് വർഷങ്ങൾക്ക് മുന്നേയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് എത്തിയത്. ആദ്യ സീസണിൽ അദ്ദേഹത്തിന് കീഴിൽ ഗംഭീര പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നത്.തുടർന്ന് രണ്ട് സീസണുകൾ കൂടി അദ്ദേഹം പരിശീലകനായി. രണ്ടിലും പ്ലേ ഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്. പല ക്ലബ്ബുകളുടെയും ഓഫറുകൾ വന്നിരുന്നുവെങ്കിലും താൻ അതൊന്നും സ്വീകരിച്ചില്ല എന്ന് വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു.ഈയിടെ റിയാദിൽ വെച്ച് നടന്ന ഒരു പ്രോഗ്രാമിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ആരാധകരോട് സംസാരിക്കുകയും ചെയ്തു.
ഈയിടെ ഒരു റൂമർ പുറത്തേക്ക് വന്നിരുന്നു. ഒരു മലയാള സിനിമയിൽ ഇവാൻ വുക്മനോവിച്ച് അഭിനയിക്കുന്നു എന്നായിരുന്നു റൂമർ.ആ റൂമറിനെ കുറിച്ചും അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. അത് സത്യമാണ് എന്നാണ് ഇവാൻ പറഞ്ഞിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘അതേ.. ഞാൻ മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഒരു സാധ്യത അവിടെയുണ്ട്.അതുമായി ബന്ധപ്പെട്ടുകൊണ്ട് ചർച്ചകൾ നടന്നിട്ടുണ്ട്.ഞങ്ങൾ ആ പ്രോജക്റ്റിന്റെ തയ്യാറെടുപ്പുകളിൽ ആണ് ഇപ്പോൾ ഉള്ളത്. എന്താണ് സംഭവിക്കുക എന്നത് നമുക്ക് നോക്കി കാണാം ‘ ഇതാണ് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് സിനിമ പ്രൊജക്റ്റ് തുടങ്ങുന്നതെ ഉള്ളൂ. എന്നാൽ അതിന്റെ ബാക്കി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഏതായാലും ആരാധകർക്ക് പ്രിയപ്പെട്ട ആശാനെ വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞേക്കും. ഒരു പരിശീലകൻ എന്നതിനും അപ്പുറത്തേക്ക് ഒരു വലിയ ബന്ധം തന്നെ ആരാധകരുമായി ഇവാൻ വുക്മനോവിച്ചിനുണ്ട്. ക്ലബ്ബ് തിരികെ വിളിച്ചാൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്താൻ തയ്യാറാണ് എന്ന് വുക്മനോവിച്ച് തന്നെ വ്യക്തമാക്കിയിരുന്നു.