ഇവാൻ വുക്മനോവിച്ച് പരിശീലകനായി എത്തിയ ആദ്യ സീസണിൽ അത്ഭുതകരമായ പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.അതിൽ പ്രധാനമായും പങ്കുവഹിച്ചത് മൂന്ന് വിദേശ താരങ്ങളായിരുന്നു.ജോർഹേ പെരേര ഡയസ്,ആൽവരോ വാസ്ക്കസ്,അഡ്രിയാൻ ലൂണ എന്നിവരായിരുന്നു ആ മൂന്നു താരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറും സ്കൗട്ടിംഗ് ടീമും കണ്ടെത്തിയ മികച്ച മൂന്ന് താരങ്ങളായിരുന്നു അവർ. പക്ഷേ ആ സീസൺ അവസാനിച്ചതോടെ ചില മാറ്റങ്ങൾ വന്നു.
കൂടുതൽ മികച്ച ഓഫർ നൽകിക്കൊണ്ട് ഡയസിനെ മുംബൈ സിറ്റിയും വാസ്ക്കസിനെ ഗോവയും സ്വന്തമാക്കുകയായിരുന്നു.അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പലരും നടത്തിയിരുന്നുവെങ്കിലും അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അതേ അവസ്ഥയിലൂടെയാണ് ദിമിയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിലും ഈ സീസണിലും തകർപ്പൻ പ്രകടനം നടത്തുന്ന ദിമിയെ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്കൗട്ടിംഗ് ടീം തന്നെയാണ്.
പക്ഷേ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. മികച്ച ഓഫറുകൾ നൽകിക്കൊണ്ട് ഈസ്റ്റ് ബംഗാൾ, മുംബൈ എന്നിവരൊക്കെ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ വുക്മനോവിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിദേശ സ്കൗട്ടിംഗ് ദുർബലമായ ക്ലബ്ബുകൾ മികച്ച ഓഫറുകൾ നൽകിക്കൊണ്ട് തങ്ങളുടെ താരങ്ങളെ കൊണ്ടുപോകുന്നു എന്ന രൂപത്തിലാണ് വുക്മനോവിച്ച് സംസാരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ദിമി വളരെ മികച്ച ഒരു താരമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ്പ് സ്കോറർ ആവാൻ തനിക്ക് കഴിയും എന്നുള്ളത് തുടർച്ചയായി രണ്ടാം വർഷവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തീർച്ചയായും അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുപാട് ക്ലബ്ബുകൾ വന്നിട്ടുണ്ട്.പ്രത്യേകിച്ച് ഈ ലീഗിൽ നിന്നുള്ള ക്ലബ്ബുകൾ തന്നെയാണ് വന്നിട്ടുള്ളത്. വിദേശ സ്കൗട്ടിംഗ് ടീം വളരെ ദുർബലമായ ചില ടീമുകളാണ് ഇതിനുപിന്നിൽ, ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
മുംബൈ സിറ്റിയെ പോലെയുള്ള ക്ലബ്ബുകളെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈ സ്റ്റേറ്റ്മെന്റ് നടത്തിയിട്ടുള്ളത്. ഏതായാലും കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് ഈ താരത്തിന് നൽകിയിട്ടുണ്ട്.ദിമി സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് മാത്രമാണ് ഇനി കാണേണ്ടത്.